Saturday, May 17, 2014

വിശ്വാസമാണോ സദാചാരത്തിൻറെ അളവുകോൽ

ഒരു സഹജീവി പ്രതിസന്ധിയെ നേരിടുമ്പോള്‍ അവനെ സഹായിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന അനുകമ്പ അല്ലെങ്കില്‍ സഹായസന്നദ്ധത ഒരു ജന്മവാസനയോ, അതോ മതവും ദൈവവിശ്വാസവുമൊക്കെ അതിനു് ആവശ്യമോ എന്നു് മനസ്സിലാക്കാന്‍ ബെര്‍ലിനിലെ ഒരു യൂണിവേഴ്സിറ്റിയില്‍ ഒരു പരീക്ഷണം നടത്തുകയുണ്ടായി. സജ്ജീകരണങ്ങള്‍ വളരെ ലളിതമാണു്. തനിയെ നടക്കാന്‍ ശീലിച്ചിട്ടു് അധികനാള്‍ ആയിട്ടില്ലാത്ത ഒരു കുഞ്ഞു് ഒരു മുറിയില്‍ കളിപ്പാട്ടങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്നു. മുറിയില്‍ ഒരു എഴുത്തു് മേശയും കസേരയും. അവിടെ ഇരുന്നു് ഒരാള്‍ (പിതാവോ, പരിചിതനോ ആവാം) എന്തോ എഴുതുന്നു. അല്‍പസമയത്തിനു് ശേഷം ആ കുഞ്ഞിനു് കാണത്തക്കവണ്ണം അയാള്‍ തന്റെ പെന്‍സില്‍ അബദ്ധത്തിലെന്നപോലെ തറയിലേക്കു് വീഴിക്കുന്നു. മേശയുടെ മുന്നിലായി വീഴുന്ന പെന്‍സില്‍ എഴുന്നേറ്റു് ചെന്നു് എടുക്കാതെ മേശയില്‍ കമിഴ്‌ന്നു് കിടന്നു് കൈനീട്ടി എടുക്കാന്‍ അയാള്‍ ശ്രമിക്കുന്നു. അതോടൊപ്പം, എത്ര ശ്രമിച്ചിട്ടും കൈ പെന്‍സിലിന്റെ അടുത്തു് എത്തുന്നില്ലാത്തപോലെ അയാള്‍ ഭാവിക്കുകയും ചെയ്യുന്നു. അയാളുടെ "നിസ്സഹായത" കാണുന്ന കുഞ്ഞു് അടുത്തുചെന്നു് പെന്‍സില്‍ എടുത്തു് അയാള്‍ക്കു് കൊടുക്കുന്നു!
ഏകദേശം ഒന്നര വയസ്സു് പ്രായമുള്ള ഒരു കുഞ്ഞിനു് മറ്റൊരാളുടെ നിസ്സഹായാവസ്ഥയില്‍ സഹായിക്കണമെന്നു് തോന്നുന്നതു് അതിനു് വേദോപദേശം ലഭിച്ചിട്ടുള്ളതുകൊണ്ടാവില്ല എന്നതു് എന്തായാലും തീര്‍ച്ചയാണു്. അങ്ങേയറ്റം ആ കുഞ്ഞു് അനുഭവം വഴി ഈ ദിശയില്‍ മനസ്സിലാക്കിയിട്ടുള്ള പാഠങ്ങള്‍, തന്റെ കളിപ്പാട്ടങ്ങളോ മറ്റോ താഴെ വീഴുമ്പോള്‍ മുതിര്‍ന്നവരില്‍നിന്നു് ലഭിച്ചിട്ടുള്ള സഹായങ്ങളിലൂടെ മനസ്സിലാക്കിയവ മാത്രമായിരിക്കും. മനുഷ്യര്‍ ദൈവവിശ്വാസികളല്ലാതായിത്തീര്‍ന്നാല്‍ ലോകത്തില്‍ സദാചാരബോധവും ധര്‍മ്മനീതിയും ഇല്ലാതായിത്തീരും, ഭൂമി പാപത്തില്‍ മുഴുകും മുതലായ മതാചാര്യന്മാരുടെ പതിവു് പല്ലവിയുടെ പൊള്ളത്തരത്തിലേക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.
കുറ്റകൃത്യങ്ങളും അധര്‍മ്മവും ലോകത്തില്‍ എന്നുമുണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും. (മഹാപ്രളയവും, തീമഴയുമൊക്കെ വേണ്ടപ്പോള്‍ വേണ്ടപോലെ സംഭവിപ്പിച്ചിട്ടും, ദൈവം പോലും തോറ്റു് പിന്‍വാങ്ങേണ്ടിവന്ന ഒരു മേഖലയാണതു്. ദൈവം തോല്‍ക്കുന്നിടത്തു് ഇടപെടാനാണു് മനുഷ്യന്‍ ഭൂമിയിലുള്ളതു്!) സമൂഹത്തിലെ സ്വൈര്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പ്രവണതകളെ നേരിടാന്‍ പ്രതിരോധനടപടികളും, നിയമനിര്‍മ്മാണവും, ബോധവല്‍ക്കരണവുമൊക്കെയാണു് മാര്‍ഗ്ഗങ്ങള്‍. ബോധവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ പോലും മാനസികരോഗികളും, മതഭ്രാന്തന്മാരും ഇതൊക്കെയാണെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കുന്നുമില്ല. ഒരു പ്രളയം വഴി പ്രത്യുത്പാദനശേഷിയുള്ള "മൂന്നു് യുവവിശുദ്ധരേയും, മൂന്നു് യുവവിശുദ്ധകളെയും" മാത്രം രക്ഷപെടുത്തി ബാക്കി സകല "പാപികളേയും" മുക്കിക്കൊന്നാലും ഈ യുവവിശുദ്ധരൊ അവരുടെ സന്തതികളോ പാപം ചെയ്യാത്തവരായി തീരുമെന്നു് തോന്നുന്നില്ല. ഏറ്റവും ചുരുങ്ങിയതു് ആദ്യപാപമെങ്കിലും ആ വിശുദ്ധരും ചെയ്യേണ്ടിവരും. അല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലല്ലോ! ലോകത്തില്‍ "പാപം" ഇല്ലാതിരിക്കാന്‍ ദൈവം മനുഷ്യരെ സൃഷ്ടിക്കാതിരുന്നാല്‍ മതിയായിരുന്നു. പക്ഷിമൃഗാദികള്‍ "തിന്നും തിന്നപ്പെട്ടും" അങ്ങനെയൊക്കെ അങ്ങു് ജീവിച്ചു് പോയേനെ. ഇനിയിപ്പോ പറഞ്ഞിട്ടു് ഒരു കാര്യവുമില്ല. ഒരബദ്ധം ദൈവത്തിനും പറ്റും എന്നു് കരുതി ആശ്വസിക്കാം. അല്ലാതെന്തു് ചെയ്യാന്‍?
ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ദൈവവിശ്വാസവും, മതവിശ്വാസവും മനുഷ്യരുടെ ഇടയില്‍ പണ്ടുപണ്ടേ ഉണ്ടായിരുന്നു. അത്രയും പഴക്കം മറ്റു് യാതൊരു സാമൂഹികപ്രതിഭാസങ്ങള്‍ക്കും ഇല്ല എന്നുതന്നെ പറയാം. എന്നിട്ടും മനുഷ്യരെ നല്ലവരാക്കാന്‍ വിശ്വാസത്തിനു് ഇന്നോളം കഴിഞ്ഞില്ല. മനുഷ്യരിലെ പ്രകൃതിസഹജമായ വികാരങ്ങളെ പഴകി ദ്രവിച്ച ഏതെങ്കിലും വിശ്വാസപ്രമാണങ്ങളുടെ പേരില്‍ അടക്കാനും ഒതുക്കാനും നിര്‍ബന്ധിതരാവുന്നവരില്‍ അതേ വികാരങ്ങള്‍ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. അതു് പലപ്പോഴും കുറ്റകൃത്യങ്ങളില്‍ അവസാനിക്കുകയും ചെയ്യും. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ പൊതുവേ ആസ്വദിക്കുന്ന "വിലയും നിലയും" മൂലം അവരുടെ യഥാര്‍ത്ഥ മുഖങ്ങള്‍ ജനങ്ങള്‍ക്കു് അജ്ഞാതമായിരിക്കും. അവരുടെ പീഡനങ്ങള്‍ക്കു് വിധേയരാവുന്നവര്‍ അധികവും സാമൂഹികമായി ബലഹീനരാണെന്നതിനാല്‍, സത്യം വെളിപ്പെടുത്തുന്നതില്‍ നിന്നും ഭയം അവരെ പലപ്പോഴും പിന്‍തിരിപ്പിക്കുന്നു. ഇനി ആരെങ്കിലും അതിനു് തന്റേടം കാണിച്ചാല്‍ സകല കുറ്റവും അവരില്‍ തന്നെ വച്ചുകെട്ടാനാവും സമൂഹത്തിലെ "കൊള്ളാവുന്നവരുടെ" ശ്രമം. ഏതെല്ലാമാണു് ഞാന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റുകള്‍ എന്നു് എന്നെ പഠിപ്പിക്കുന്നവര്‍ അതേ തെറ്റുകള്‍ ചെയ്യുമ്പോള്‍ അവര്‍ കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നു എന്ന സാമാന്യസത്യം അപ്പോള്‍ എന്തുകൊണ്ടോ വിസ്മരിക്കപ്പെടുന്നു. പീഡിപ്പിക്കപ്പെട്ടവരെ വിലകൊടുത്തു് വാങ്ങുന്നതും ഈ മേഖലയിലെ ഒരു "ബിസിനസ്‌" തന്ത്രമാണു്. അമേരിക്കയില്‍ കത്തോലിക്കാമതത്തിലെ പുരോഹിതരുടെ പീഡനങ്ങള്‍ക്കു് ബാല്യകാലത്തില്‍ വിധേയരാവേണ്ടി വന്നവര്‍ക്കു് സഭ ഈ അടുത്തയിട നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നതു് നൂറുകണക്കിനു് കോടി ഡോളറാണു്! വര്‍ഷങ്ങള്‍ക്കു് ശേഷമാണെങ്കിലും അവര്‍ക്കു് കുറേ പണം ലഭിച്ചു എന്നതു് സത്യം. പക്ഷേ ലൈംഗികപീഡനം വഴി എന്നേക്കുമായി നശിപ്പിക്കപ്പെട്ടതു് അവരുടെ ജീവിതങ്ങളായിരുന്നു. ഇന്നും ആ trauma-യുമായി പൊരുതേണ്ടി വരുന്നവരാണു് അവരില്‍ പലരും!
ഒരു വിശ്വാസപ്രമാണത്തിനുള്ളില്‍ ഒതുക്കാവുന്നതാണോ മനുഷ്യരിലെ ഹോര്‍മോണിന്റെ പ്രേരണാശക്തി? വിവാഹിതരല്ലാത്ത, ആണും പെണ്ണുമായ എത്ര "ആത്മീയര്‍ക്കു്" നെഞ്ചില്‍ കൈവച്ചുകൊണ്ടു് പറയാന്‍ കഴിയും, തങ്ങള്‍ ലൈംഗികമായി "ശുദ്ധരാണെന്നു്"? അടിവസ്ത്രങ്ങള്‍ക്കു് സംസാരശേഷി ലഭിച്ചാല്‍ തീരുന്നതല്ലേ അവരുടെ സകല വിശുദ്ധിയും? മറ്റുള്ളവരുടെ മുന്നില്‍ നല്ലപിള്ള ചമയുന്ന ഈ കാപട്യം എന്തിനുവേണ്ടി? കുഴിയിലേക്കു് കാലുനീട്ടി കഴിഞ്ഞവരല്ലാത്ത "കന്യാസ്ത്രീകളെ" വിരലിലെണ്ണാന്‍ പോലും യൂറോപ്പിലെ പല രാജ്യത്തിലും ഇന്നു് കാണാനാവുകയില്ല! ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്ന ഒരു "വര്‍ഗ്ഗമാണു്" കന്യാസ്ത്രീകള്‍ എന്നു് ചുരുക്കം. എന്തുകൊണ്ടു് കേരളത്തില്‍ ഈ അവസ്ഥ ഇല്ല? ഭക്തികൊണ്ടാണെന്നു് ഒരുപക്ഷേ അവര്‍ പറയും. കാരണം അതാണു് അവരുടെ സമൂഹം അവരില്‍ നിന്നും പ്രതീക്ഷിക്കുന്നതു്. ക്രിസ്തീയതയുടെ വിളഭൂമിയായിരുന്ന യൂറോപ്പില്‍ ഇല്ലാത്ത ക്രിസ്തുഭക്തി എങ്ങനെ കേരളത്തില്‍ വന്നു? സ്വന്തമായി ജോലിചെയ്തു്, വ്യക്തിത്വം പണയം വയ്ക്കാതെ, കുത്തുവാക്കുകള്‍ കേള്‍ക്കാതെ, "തെറിച്ചവള്‍" എന്നു് മുദ്രകുത്തപ്പെടാതെ, കേരളീയ സമൂഹത്തില്‍ മഠം ഉപേക്ഷിക്കുന്ന ഒരു കന്യാസ്ത്രീക്കു് ജീവിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, കേരളത്തിലെ മഠങ്ങള്‍ക്കും യൂറോപ്പിലെ സ്ഥിതി തന്നെ വരുമായിരുന്നു. യാതൊരു സംശയവും വേണ്ട. (കത്തോലിക്കാസമുദായത്തിലെ പാതിരികളുടെയും കന്യാസ്ത്രീകളുടെയും കൂട്ടുത്തരവാദിത്വം എനിക്കുള്ളതുകൊണ്ടല്ല ഇതു് പറയുന്നതു്. അവരായി, അവരുടെ പാടായി! മറ്റു് രാജ്യങ്ങളില്‍ നിലവിലിരിക്കുന്ന അവസ്ഥ കേരളീയനും മനസ്സിലാക്കിയിരിക്കുന്നതുകൊണ്ടു് തെറ്റൊന്നുമില്ല എന്നൊരു തോന്നല്‍, അത്രമാത്രം!) ജീവജാലങ്ങളുടെ നൈസര്‍ഗ്ഗികതക്കെതിരായ ജീവിതരീതിയെ "സ്വയംവരിച്ചു്", പ്രകൃതിവിരുദ്ധതയെ ആത്മീയതയെന്നു് തെറ്റിദ്ധരിച്ചു് ആത്മപീഡനം അനുഭവിക്കുന്ന, സ്വന്തം "ദൈവത്തിന്റെ" പീഡാനുഭവങ്ങള്‍ തന്റെ മാതൃകയും ആദര്‍ശവുമായി വിശ്വസിക്കുന്ന ഒരു വ്യക്തിക്കു്, സഹജീവികളുടെ നിര്‍മ്മലമായ സന്തോഷത്തില്‍ ആനന്ദിക്കാനാവില്ല. അതു് അവനില്‍ ഉണര്‍ത്തുന്നതു് അസൂയയുടെ, അസഹിഷ്ണുതയുടെ നീറ്റലായിരിക്കും. ലൗകികമായ എല്ലാ സുഖങ്ങളും സാത്താന്‍ കണക്കുകൂട്ടി നടപ്പിലാക്കുന്ന ചതികളായേ അവനു് മനസ്സിലാവൂ. സന്തോഷിക്കുന്നവരെ അവരുടെ സന്തോഷത്തില്‍നിന്നും പിന്‍‌തിരിപ്പിക്കാനാവും അവന്റെ സകല പ്രയത്നവും.
സ്ത്രീകള്‍ക്കു് സുരക്ഷാബോധത്തോടെ വഴിനടക്കാനോ, ബസിലോ, പ്ലെയിനില്‍ പോലുമോ ലൈംഗികപീഡനങ്ങള്‍ അനുഭവിക്കാതെ യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥ നിലവിലിരിക്കുന്ന ഒരു സമൂഹത്തില്‍ എന്തു് സദാചാരബോധം? എന്തു് ധര്‍മ്മനീതി? അന്യസ്ത്രീയെ പീഡിപ്പിക്കുന്ന യോഗ്യനു് "ചാരിത്ര്യം" നഷ്ടപ്പെടുന്നില്ലെന്നുണ്ടോ? ആണിനു് വേണ്ടാത്ത ചാരിത്രശുദ്ധി എന്തിനു് പെണ്ണിനു്? ഒന്നുകില്‍ രണ്ടു് കൂട്ടര്‍ക്കും. അല്ലെങ്കില്‍ ആര്‍ക്കും വേണ്ട. അത്ര ലളിതമാണതു്. ചാരിത്രശുദ്ധിപോലും! കന്യാചര്‍മ്മം! മാങ്ങാത്തൊലി! ഏതു് നൂറ്റാണ്ടിലാണു് നമ്മള്‍ ജീവിക്കുന്നതു്? ലൈംഗികത ആണിനു് വേണം, പെണ്ണിനു് വേണ്ട എന്നാണോ? എങ്കില്‍ ലോകം പണ്ടേ മനുഷ്യശൂന്യമായേനെ!
ബസിലെ ആള്‍ത്തിരക്കില്‍ ആരും കാണുന്നില്ലെന്ന ബോധത്തോടെ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഒന്നു് തോണ്ടി ലൈംഗികദാഹം ശമിപ്പിക്കുന്ന പുരുഷന്മാര്‍ ജീവിക്കുന്ന ഒരു സമൂഹത്തിനു് ദൈവം, ആത്മാവു്, അദ്ധ്യാത്മികത, ചാരിത്ര്യം മുതലായ പദങ്ങള്‍ ഉച്ചരിക്കാനുള്ള അവകാശം പോലുമുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. സ്വന്തം അമ്മയെ, ഭാര്യയെ, മകളെ, സഹോദരിയെ അവരുടെ അനുവാദമില്ലാതെ തോണ്ടാന്‍ വഴിയേ പോകുന്നവര്‍ക്കൊക്കെ വിട്ടുകൊടുക്കുന്നവരാവണം നാണംകെട്ട ഈ "ആസ്ഫാള്‍ട്ട്‌ റോമിയോസ്‌"! അല്ലെങ്കില്‍, സ്വന്തം പുരുഷത്വത്തിനു് ഒരു തോണ്ടലിന്റെ മാത്രം വില നല്‍കുന്ന ഈ "അന്ധകാമുകര്‍" തോണ്ടുന്ന സ്ത്രീകള്‍ ആരുടെയോ അമ്മയോ, ഭാര്യയോ, മകളോ, സഹോദരിയോ ഒക്കെ ആണെന്നു് മനസ്സിലാക്കാന്‍ അവര്‍ക്കു് കഴിയേണ്ടതായിരുന്നു.
അതിനേക്കാളൊക്കെ കഷ്ടമാണു് കൊച്ചുകുട്ടികളെ വികൃതമായ ലൈംഗികതക്കു് വിധേയമാക്കാന്‍ പള്ളികളിലും, വായനശാലകളിലും, കുട്ടികള്‍ ഒറ്റക്കു് എത്തിപ്പെടാന്‍ സാദ്ധ്യതയുള്ള മറ്റു് പൊതുസ്ഥലങ്ങളിലും കാത്തിരിക്കുന്ന ആത്മീയഗുരുക്കളും, അമ്മാവന്മാരും, മറ്റു് അഭ്യുദയകാംക്ഷികളും! സ്വന്തം മക്കളെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെടരുതെന്നു് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഈ വസ്തുതകള്‍ അറിഞ്ഞിരുന്നാല്‍ നന്നു്

Tuesday, May 13, 2014

പേടിപ്പിക്കുന്ന ദൈവ രൂപങ്ങള്‍

നാം ഭയപ്പെടുന്നതിനെ യഥാര്‍ത്ഥത്തില്‍ നാം ആരാധിക്കാറുണ്ടോ? ഒരു വസ്തുവിനോടുള്ള നിരന്തരമായ അത്യാഗ്രഹം ആ വസ്തുവിനുനേരെ ആരാധനാ ഭാവത്തില്‍ തലകുനിക്കാന്‍ നമ്മെ പ്രേരിപ്പിക്കുമോ? ഈ രണ്ട്ഘടകങ്ങള്‍ക്കും പ്രാകൃതമായ ഒരു മതത്തെപ്പോലും സൃഷ്ടിക്കുവാന്‍ സാധ്യമല്ല. ഭയം അതുണ്ടാക്കുന്ന വസ്തുവില്‍ നിന്നു ഒരാളെ ഓടിയകലാന്‍ പ്രേരിപ്പിക്കുന്നു. നിസ്സഹായനും ഹതഭാഗ്യനുമായി പീഡിപ്പിക്കപ്പെട്ടവനും ഓടിയകലാന്‍ കഴിയാത്തവനുമായ ഇരകള്‍ അവരുടെ മര്‍ദ്ദകരോടു കരുണക്ക്‌ യാചിക്കും എന്ന്‌ ഒരാള്‍ക്ക്‌ തീര്‍ച്ചയായും സങ്കല്‍പിക്കാം. പക്ഷേ, ആ ഇരകള്‍ മര്‍ദ്ദകരെ ആരാധിക്കുമെന്ന്‌ സങ്കല്‍പിക്കാന്‍ സാധ്യമല്ല. തന്‍റെ മര്‍ദ്ദകരില്‍ നിന്നു മോചിതനായാല്‍ ആ ഇര മര്‍ദ്ദകനെ അങ്ങേയറ്റം ഹീനവും സഭ്യേതരവുമായ ഭാഷയില്‍ ചീത്തവിളിച്ചേക്കാം. ആ മര്‍ദ്ദകനെ ആരാധിക്കണമെന്ന വിദൂരമായ ഒരു സങ്കല്‍പം പോലും അയാളുടെ മനസ്സില്‍ വരില്ല. പീഢനംകൊണ്ട്‌ പ്രവര്‍ത്തന നിരതനാകുന്ന ഒരു എം. 15 ഏജന്‍റ് കെ. ജി. ബി മര്‍ദ്ദകനെ ആരാധിക്കാന്‍ ആരംഭിക്കുന്നതായി നാം ഒരു ചാരക്കഥയിലും വായിച്ചിട്ടില്ല.

വെളിപാടു മതങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ദൈവഭയം കാട്ടുമൃഗത്തില്‍ നിന്നുണ്ടാകുന്ന ഭയമോ മറ്റു ഭയമുണ്ടാക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട ഭയമോ അല്ല. ദൈവിക ശിക്ഷയെകുറിച്ചുള്ള താക്കീത്‌ കുറ്റകൃത്യങ്ങള്‍ക്കെതിരെയു ള്ള ഒരു പ്രതിരോധകം എന്ന നിലക്കാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. അത്‌ ആളുകളെ സ്വയം പാപങ്ങളില്‍നിന്നു തടയുന്നു. പ്രാകൃത സമൂഹ ത്തിലുണ്ടായിരുന്ന കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള പേടിയില്‍ നിന്നോ ഇടിമിന്നലിന്‍റെ ഭയത്തില്‍ നിന്നോ അത്തരത്തിലുള്ള പാപങ്ങളെ ഇല്ലാതാക്കുന്ന ഒരു ശിക്ഷയെ സംബന്ധിച്ച വാഗ്ദാനങ്ങളൊന്നും ലഭിക്കുന്നില്ല. ദൈവവിശ്വാസം മൂലമുണ്ടാ കുന്ന കുറ്റകൃത്യം ചെയ്യുന്നതിലുള്ള ഭീതിയോ, കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന താക്കീതോ കാട്ടുമൃഗത്തില്‍ നിന്നോ പ്രകൃതിയുടെ സംഹാര ശക്തികളില്‍ നിന്നോ പ്രാകൃത സമൂഹത്തിന്‌ ലഭിച്ചിരുന്നതായി നമുക്കറിയില്ല. പോലീസ്‌ അധികാരികള്‍, ട്രാഫിക്‌ പാലകന്‍മാര്‍, മജിസ്ട്രേറ്റുമാര്‍ മുതലായവരെ ഭയപ്പെടുകയും അവര്‍ വെറുക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌. പക്ഷേ അവരാരും ആരാധിക്കപ്പെട്ടിട്ടില്ല!

 അതിപുരാതന കാലത്ത്‌ പോലും അപകടകാരിയായ ഒരു സിംഹത്തെ പേടിച്ചു കൊണ്ട്‌ ഒരാള്‍ അതിന്‍റെ മുമ്പില്‍ നിന്നു ജീവനുംകൊണ്ട്‌ ഓടുകയാണ്‌ ചെയ്യുക. പകരം അതിന്‍റെ മുമ്പില്‍ മുട്ടുമടക്കി സാഷ്ടാംഗപ്രണാമം നടത്തുകയോ അതിനോട്‌ കാരുണ്യത്തിന്‌ യാചിക്കുകയോ അതിന്‍റെ മഹത്വവും രാജത്വവും വാഴ്ത്തുകയോ ചെയ്യാറില്ല. ഭയങ്കരമായ ഇടിമിന്നലും പേമാരിയും, കത്തുന്ന വേനല്‍ സൂര്യന്‍റെ കൊടും താപവും പുരാതന മനുഷ്യനെ അഭയം തേടാനോ അല്ലെങ്കില്‍ എന്തെങ്കിലും സുരക്ഷിതത്വ സംവിധാനങ്ങള്‍ ചെയ്യാനോ ഓടിപ്പിക്കുകയാണ്‌ ചെയ്യാറ്‌. ശക്തമായ ഇടിമിന്നല്‍ നടക്കുന്ന അവസരത്തില്‍ അഭയത്തിന്‌ ഇടം തേടുന്നതിന്‌ പകരം ആദിമനുഷ്യന്‍ ഗുഹയില്‍ നിന്നു ചാടി പുറത്ത്‌ വന്ന്‌ സാഷ്ടാംഗ പ്രണാമം ചെയ്തിരുന്നുവെന്ന്‌ ഒരു സാമൂഹികശാസ്ത്രജ്ഞന്‌ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കാനാവുമോ?

സൂര്യാരാധനയും നക്ഷത്രാരാധനയും യാതൊരുവിധത്തിലും തന്നെ ഭീതിയില്‍ നിന്നോ, അത്യാഗ്രഹത്തില്‍നിന്നോ ക്രമേണ രൂപം കൊണ്ട ആരാധനാ രീതിയല്ല. ചെറിയ ഭൌമിക വസ്തുക്കളില്‍ നിന്നു കാലക്രമേണ പരിണമിച്ചാണ്‌ കൂടുതല്‍ ഉന്നതവും ഭാവാത്മകവുമായ അസ്തിത്വവുമായി ബന്ധപ്പെട്ട ആരാധനകളിലേക്ക്‌ മനുഷ്യനെ നയിച്ചത്‌ എന്നതിന്‌ യാതൊരു തെളിവും ഇല്ല. സാമൂഹികശാസ്ത്രജ്ഞന്‍മാര്‍ അവരുടെ സങ്കല്‍പം തെളിയിക്കാന്‍ യാതൊരു ശാസ്ത്രീയ മാര്‍ഗ്ഗവും അവലംബിക്കാതെ പരിണാമത്തെക്കുറിച്ച്‌ വെറുതെ വാചകമടിക്കുകയാണ്‌. ശാസ്ത്രജ്ഞന്‍മാര്‍ ജീവി പരിണാമത്തെക്കുറിച്ച്‌ പറയുമ്പോള്‍ അവര്‍ കോടിക്കണക്കിന്‌ വര്‍ഷത്തെ രൂപരേഖയിലൂടെ ഘട്ടം ഘട്ടമായുള്ള ജീവന്‍റെ വ്യക്തമായ വളര്‍ച്ച വിവരിക്കുന്നു. അപ്രകാരം ദൈവത്തെ സംബന്ധിച്ച ഭാവന രൂപപ്പെട്ടുവന്ന പരിണാമപ്രക്രിയയുടെ ഒരു തരി തെളിവെങ്കിലും സമര്‍പ്പിക്കാന്‍ അവര്‍ക്ക്‌ കഴിയുമോ? അന്ധവിശ്വാസികളും ബിംബാരാധകരുമായ ഏത്‌ സമൂഹമാണ്‌ ഏകദൈവ വിശ്വാസികളായി പരിണമിച്ചത്‌? ഒരിക്കലും അത്‌ സംഭവിച്ചിട്ടില്ല. എന്നിട്ടും സാമൂഹികശാസ്ത്ര ജ്ഞന്‍മാര്‍ ശഠിച്ചു പറയുന്നത്‌ മനുഷ്യനിലെ പ്രാകൃത ഗ്രഹണ ശേഷിയാണ്‌ ദൈവ സൃഷ്ടിയില്‍ കലാശിച്ചത്‌ എന്നാണ്‌. മുകളില്‍ പ്രസ്താവിച്ചത്‌പോലെ അറിയാത്തതിനെക്കുറിച്ചുള്ള ഭീതി ദൈവ രൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതിന്‍റേതായ പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന്‌ അവര്‍ ശക്തമായി വിശ്വസിക്കുന്നു.

അജ്ഞത അതിന്‍റെ വിളയാട്ടം നടത്തിയെന്നാണ്‌ അവര്‍ പറയുന്നത്‌. മനുഷ്യന്‍ അവന്‍റെ അജ്ഞത കാരണം മനസ്സിലാക്കാന്‍ കഴിയാതെ മറഞ്ഞു കിടന്നിരുന്ന വിപത്തുകളെ ബഹുമാനിക്കാന്‍ ആരംഭിച്ചു. പുരാതന മനുഷ്യന്‍ സര്‍പ്പം, തേള്‍, കാട്ടുപൂച്ച, നരി, സിംഹം മുതലായവയെ ആരാധിക്കാന്‍ തുടങ്ങി. ഭൂമികുലുക്കം ഭൂമിയെ വിറപ്പിച്ചു. ഇടിമിന്നല്‍ മരങ്ങളെ നെടുകേ പിളര്‍ത്തി. കൊടുങ്കാറ്റ്‌ നിര്‍ദയമായും വന്യമായും തകര്‍ത്തു വീശി. അങ്ങനെ ദൈവത്തിന്‍റെ ആശയം ഉടലെടുത്തുപോലും. മനുഷ്യന്‍റെ ഹൃദയത്തില്‍ ഭീതി ആഞ്ഞു പതിച്ചപ്പോള്‍ പ്രകൃതി പ്രതിഭാസങ്ങളെ ആരാധിക്കുന്നതില്‍ നിന്നു ഭൌതിക വസ്തുക്കളെ ആരാധിക്കുന്ന നിലക്ക്‌ അവര്‍ പുരോഗമിച്ചു. ക്രമേണ അജൈവ വസ്തുക്കളെ ആരാധിക്കുന്നതില്‍ നിന്നു ജീവികളെ ആരാധിക്കുന്നതിലേക്ക്‌ പുരോഗമിച്ചു. തേള്‍, സര്‍പ്പം മുതലായവയെ ആരാധിക്കുന്നതില്‍ നിന്നു പൂച്ചയേയും മറ്റ്‌ കാട്ടുമൃഗങ്ങളേയും ആരാധിക്കുന്നതിലേക്ക്‌ അത്‌ ഗതിമാറി. കുരങ്ങന്‍മാര്‍ വരെ ദൈവങ്ങളായിമാറി. മിന്നല്‍പിണറിന്‍റെ ഉന്നതമായ ഉത്ഭവ കേന്ദ്രം അവര്‍ക്ക്‌ എത്തിപ്പിടിക്കാനായില്ല. അവരെ സൃഷ്ടിച്ച പ്രകൃതി ശക്തികള്‍ എന്താണെന്ന്‌ അവര്‍ക്ക്‌ അറിയാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അവയെയെല്ലാം അവര്‍ ഒരുപോലെ ഭയപ്പെട്ടു. മേഘത്തിരശ്ശീലയുടെ പിന്നിലിരിക്കുന്ന ചില ഭയാനകങ്ങളായ ദൈവങ്ങളുടെ ക്രോധത്തിന്‍റെ പ്രകടന ങ്ങളാണ്‌ പ്രകൃതിയിലെ ശക്തിമത്തായ എല്ലാ പ്രതിഭാസങ്ങളും എന്നവര്‍ കരുതിയിരുന്നിരിക്കണം. ആയതിനാല്‍ അവരുടെ പ്രാകൃത മനസ്സ്‌ അന്ധവിശ്വാസങ്ങള്‍ നെയ്തെടുക്കാന്‍ ആരംഭിച്ചു. ക്രുദ്ധരായ ദൈവത്തെ പ്രീതിപ്പെടുത്താനും ചുരുങ്ങിയത്‌ അവരുടെ കോപത്തില്‍ നിന്ന്‌ രക്ഷ നേടാനും ആദിമ മനുഷ്യന്‍ ധാര്‍മ്മികാദ്ധ്യാപനങ്ങളും സ്വഭാവ സംഹിതകളും കണ്ടുപിടിച്ചു. ആരാധനാലയങ്ങള്‍ പണിതു. ബലികള്‍ അര്‍പ്പിച്ചു. നന്‍മതിന്‍മകളെപറ്റിയുള്ള ആശയങ്ങള്‍ രൂപംകൊണ്ടു. നിരവധി ആചാരങ്ങളും ചടങ്ങുകളും ഉരുവംകൊണ്ടു. അവസാനം വേദഗ്രന്ഥങ്ങളും ആവിര്‍ഭവിച്ചു. തീര്‍ച്ചയായും ആദിമ മനുഷ്യരുടെ പ്രാകൃതമായ ധാരണകള്‍ക്ക്‌ അത്യന്തം അതിരുകവിഞ്ഞ സ്തുതിയാണ്‌ ഇവിടെ സോഷ്യോളജിസ്റ്റുകള്‍ അഥവാ സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ നല്‍കിയിരിക്കുന്നത്‌. ഈ സ്തുതി കൂടുതല്‍ യോജിക്കുക പ്രാകൃതമായ ധാരണകള്‍ പുലര്‍ത്തിയ ആദിമ മനുഷ്യെന്‍റെ പേരില്‍ ഇത്തരം ഉന്നതമായ ആകാശക്കോട്ടകള്‍ പണിത സോഷ്യോളജിസ്റ്റുകളുടെ ബുദ്ധിവൈഭവത്തിന്നാണ്‌.

പ്രാകൃത സമൂഹങ്ങളിലെ വിശ്വാസങ്ങളും ലോകത്തിലെ വെളിപാടു മതങ്ങളിലെ വിശ്വാസങ്ങളും തമ്മിലുള്ള അന്തരം വിവേചിച്ചറിയു ന്നതില്‍ സോഷ്യോളജിസ്റ്റുകള്‍ പരാജയപ്പെടുന്നു. പൌരാണിക പരമ്പരാഗത പ്രാകൃത വിശ്വാസങ്ങളിലെല്ലാം കാണുന്ന മുഖ്യ തന്ത്രിയും, സഹതന്ത്രികളും, വെളിച്ചപ്പാടുകളും, എല്ലാം തന്നെ വെളിപാടുകളുടെ അടിസ്ഥാനത്തിലുള്ള ഒരു പുതിയ ജീവിത സംഹിത ലഭിച്ചതായി അവകാശപ്പെടുന്നില്ല. അതുപോലെ ഇക്കൂട്ടരുടെ ദൈവിക മാധ്യമം എന്ന ആധികാരികത സമൂഹത്തില്‍ ആരും ചോദ്യംചെയ്യപ്പെടുന്നുമില്ല. കാരണം അവരുടെ ആ സ്ഥാനം പൂര്‍വ്വികരില്‍നിന്നു പരമ്പരാഗതമായി ലഭിച്ചതാണ്‌. അത്‌ സമൂഹം അതേപടി അംഗീകരിക്കുകയാണ്‌ ചെയ്തത്‌. അവര്‍ തങ്ങളുടെ ദൈവ മാധ്യമം എന്ന അവ കാശവാദത്തിന്‌ തെളിവിന്നായി ദിവ്യാടയാളങ്ങള്‍ കാണിക്കാന്‍ ഒരിക്കലും വെല്ലുവിളിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ അവകാശവാദം സ്ഥാപിക്കുന്നതിന്നായി ചെപ്പടി വിദ്യകള്‍ കാണിക്കണ്ട ആവശ്യമില്ലായിരുന്നു. അതില്‍ കൂടുതലായി എന്തും, എളു പ്പത്തില്‍ വിശ്വസിക്കുന്ന ദുര്‍ബല വിശ്വാസികള്‍ അവര്‍ക്കുണ്ടെന്ന്‌ പറയപ്പെടുന്ന ദൈവസംപ്രാപ്തിയില്‍ ആകൃഷ്ടരുമായിരുന്നു. അത്‌ ഒരു സൂത്രപ്പണിയല്ലാതെ മറ്റൊന്നുമല്ല. വ്യാജദൈവങ്ങള്‍ വ്യാജവാദികളാല്‍ പിന്തുണക്കപ്പെടുകയാണ്‌ ചെയ്തത്‌. മേല്‍പറഞ്ഞ രീതിയിലുള്ള സിദ്ധന്‍മാരും ലോകത്തിലെ മഹത്തായ മതങ്ങളുടെ സ്ഥാപകന്‍മാരും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കാന്‍ താഴെ പറയുന്ന വസ്തുതകള്‍ മനസ്സിലാക്കുന്നത്‌ നന്നായിരിക്കും. ആ സവിശേഷതകള്‍ ഇപ്രകാരമാണ്‌.

1. വിഗ്രഹാരാധകരായ പുരോഹിതന്‍മാര്‍ നിലവില്‍ സ്ഥാപിതമായ ആരാധനാലയത്തിന്നുള്ളില്‍തന്നെ അംഗീകരിക്കപ്പെടുന്നു.

2. പഴയ മതവ്യവസ്ഥയുമായി വിവാദത്തിലേര്‍പ്പെടുകയോ അതിന്‍റെ പ്രാബല്യത്തെ ചോദ്യം ചെയ്യുന്നതോ ആയ ഒരു മതസിദ്ധാന്തവും അവര്‍ ആവിഷ്ക്കരിച്ചിട്ടില്ല. സമൂഹത്തിന്‍റെ മൂല്യങ്ങളും സ്വഭാവങ്ങളും മാറ്റുവാന്‍ അവര്‍ ശ്രമിക്കാറില്ല. അവര്‍ പല വിശ്വാസങ്ങളേയും ആചാരങ്ങളേയും നിലനിര്‍ത്തുകയാണ്‌. ഒരിക്കലും തന്നെ ജനകീയവും വ്യാപകവുമായ അന്ധവിശ്വാസങ്ങളെയും മിഥ്യാവിശ്വാ സങ്ങളെയും അവര്‍ എതിര്‍ക്കുന്നില്ല.

3. അവര്‍ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തെ മിക്കവാറും അംഗീകരിക്കുന്നു. ഭരണാധികാരിയുടെ മതവിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. എന്നിരുന്നാലും ചില രാജാക്കന്‍മാര്‍ക്കെതിരില്‍ അക്കാലത്തെ മതനേതാക്കന്‍മാര്‍ കലാപമഴിച്ചുവിടുന്നതായി കാണാറുണ്ട്‌. ഇത്‌ മത കാര്യങ്ങളില്‍ രാജാക്കന്‍മാര്‍ പരിധി കവിഞ്ഞ്‌ ഇടപെടുന്നത്‌ കൊണ്ടാണെന്ന്‌ കാണാം. ചിലപ്പോള്‍ മതനേതാക്കന്‍മാരുടെ രാഷ്ട്രീയ വ്യാമോഹങ്ങള്‍ കൊണ്ടാണെന്നും വരാം. എങ്കിലും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്‌. കളങ്കങ്ങള്‍ നിറഞ്ഞ വിഗ്രഹാരാധകരുടെ നേതൃത്വം അധികാരത്തിന്‍റെ ശക്തമായ തറയില്‍ വേരോട്ടമുള്ള ജനങ്ങള്‍ക്കിടയിലെ വ്യാപകമായ മിത്തുകളേയും തത്ത്വങ്ങളേയും താങ്ങി നിര്‍ത്തുന്നവരായിട്ടാണ്‌. സാര്‍വ്വത്രികമായി കാണപ്പെടുന്നത്.

ദൈവത്തിന്‍റെ ഏകത്വം ഉയര്‍ത്തിപ്പിടിച്ച ജൂത, ക്രൈസ്തവ, ഇസ്‌ലാം സെറോസ്റ്റര്‍ മതങ്ങളുടെ സ്ഥാപകന്‍മാരുടെ ചരിത്രം ഇതില്‍നിന്നു അടിസ്ഥാനപരമായി എത്ര വ്യത്യസ്തമാണ്‌. മോസസ്‌(അ) ജീസസ്‌(അ) മുഹമ്മദ്‌(സ) എന്നിവരുടേയും അതുപോലെ ദൈവത്താല്‍ അയക്കപ്പെട്ട മറ്റു പ്രവാചകന്‍മാരുടേയും ജീവിതം നാം പരിശോധിക്കുകയാണെ ങ്കില്‍ അവരാരും തന്നെ അക്കാലെത്തെ വ്യവസ്ഥാപിതവും ജനകീയവുമായ മതസംവിധാനത്തെ പ്രതിനിധാനം ചെയ്തിരുന്നില്ല എന്നു കാണാം. അവരുടെ വാദങ്ങള്‍ മുഴുവനും തന്നെ ദിവ്യവെളിപാടുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അവരാകട്ടെ പുതിയൊരു ജീവിതവഴി ആവശ്യപ്പെടുന്ന ഒരു പുത്തന്‍ തത്ത്വശാസ്ത്രത്തിന്‍റെ വക്താക്കളായിരുന്നു. നിലവിലുള്ള ആചാരത്തില്‍ നിന്നും നടപ്പുകളില്‍ നിന്നും വിഭിന്നമായ മൂല്യങ്ങളാണ്‌ അവര്‍ പ്രബോധിച്ചിരുന്നത്‌. അവര്‍ ഒരു നവലോകക്രമത്തിന്‍റെ മുന്നൊരുക്കക്കാരായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക. നിലവിലുള്ള മതത്തിന്‍റെ അധികാരികളെ അവര്‍ വെല്ലുവിളിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു. അക്കാലത്തെ പ്രബലമായ മതങ്ങളില്‍ ഭിന്നിപ്പുണ്ടാവുകയും അത്‌ പല ഭാഗങ്ങളും ചേരികളുമായും പിരിയുകയും അജ്ഞരായ സാധാരണക്കാരുടെ ഭൂരിപക്ഷത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ അവര്‍ പരസ്പരം പോരടിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലായിരിക്കും ഈ ദൈവ ദൂതന്‍മാര്‍ ത്യക്ഷപ്പെടുക. അത്തരം ഒരു കാലഘട്ടത്തിലാണ്‌ മേല്‍പറഞ്ഞ രീതിയിലുള്ള ദൈവിക സന്ദേശവാഹകര്‍ ആവിര്‍ഭവിക്കുക. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ എതിരാളികള്‍ കൃത്രിമമായ ഒരു ഐക്യനിര സൃഷ്ടിക്കുന്നു. തല്‍ക്കാലത്തേക്ക്‌ അവര്‍ തമ്മിലുള്ള ഭിന്നിപ്പ്‌ മറക്കുകയും പുതുതായി വന്ന ആത്മീയസംവിധാനത്തിനെതിരെ അവരുടെ ശക്തികള്‍ സമാഹരിച്ചുകൊണ്ട്‌ ഒരു വമ്പിച്ച പ്രതിരോധനിര കെട്ടിപ്പടുക്കുകയും ചെയ്യുന്നു. അങ്ങനെ കഠിനമായ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്ന ഒരു ഐക്യമുന്നണി രൂപപ്പെടും. ദൈവദൂതന്‌ മനുഷ്യരുടെ ഭാഗത്ത്‌ നിന്ന്‌ യാതൊരു സഹായവും ലഭ്യമാകുന്നില്ല. സാധാരണക്കാരായ ജനങ്ങളുടേയോ അധികാരി വര്‍ഗ്ഗത്തിന്‍റെയോ പിന്തുണ അദ്ദേഹത്തിന്‌ കിട്ടുന്നില്ല. അദ്ദേഹം ഒരു രാഷ്ട്രീയ ശക്തിയുടെയും സംപ്രീതനായിരിക്കുകയില്ല. അദ്ദേഹം ഏകനായി ഉപേക്ഷിക്കപ്പെട്ടവനും പരിത്യക്തനും നിഷേധിക്കപ്പെട്ടവനുമായിത്തീരുന്നു.

അന്ധവിശ്വാസങ്ങളുടെ വന്യമായ പ്രവണതയോടെ വളര്‍ന്നു വികസിക്കുന്ന മലിന പൂരിതമായ സമൂഹങ്ങളിലാണ്‌ അത്തരം മനുഷ്യര്‍ ഉയര്‍ന്നുവരുന്നത്‌. നവലോകക്രമത്തിന്‍റെ ഈ മാര്‍ഗ്ഗദര്‍ശകര്‍ ഏകദൈവത്തിന്‍റെ സിദ്ധാന്തം പ്രബോധിക്കുകയും എല്ലാ രൂപത്തിലുമുള്ള വിഗ്രഹാരാധനയേയും വിപാടനം ചെയ്യുകയും ചെയ്യുന്നു. ദൈവദൂതന്‍മാരുടെ ശത്രുക്കളുടെ ഐക്യം എന്ത്‌തന്നെയായിരുന്നാലും അത്‌ അവരില്‍ത്തന്നെ വ്യാജത്വം സൃഷ്ടിക്കുന്നു. അത്‌ പ്രവാചകന്‍മാര്‍ക്കെതിരായ കൃത്രിമമായ ഐക്യം മാത്രമാണ്‌. അവര്‍ മുമ്പെത്തേത്‌ പോലെതന്നെ അഗാധമായ ഭിന്നിപ്പില്‍ തന്നെയാണ്‌. ദൈവത്തിന്‍റെ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വ്യാജ വാദികളാണെങ്കില്‍ അവരുടേത്‌ ഒരു അസാധ്യമായ ദൌത്യമായിരിക്കും. ഒരു വ്യാജവാദിക്കും തന്‍റെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കുന്ന ലക്ഷ്യത്തിനുവേണ്ടി സുസ്ഥിരമായ ദൃഢചിത്തതയോടെ നില്‍ക്കുവാന്‍ സാധ്യമല്ല. എന്നാല്‍ പ്രവാചകന്‍മാരുടെ വിശ്വാസം ദൈവത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ അത്യഗാധമായി കെട്ടിപ്പടുത്തതാണ്‌. അല്ലാത്തപക്ഷം, അവര്‍ നശിപ്പിക്കപ്പെടുകയോ അവരുടെ അസ്തിത്വം തന്നെ തുടച്ചുനീക്കപ്പെടുകയോ ചെയ്യപ്പെടുമായിരുന്നു. ദൈവം ഇല്ലായിരുന്നുവെങ്കില്‍ ഒരു ഭ്രാന്തനെപോലെ ദൈവദൂതന്‍മാര്‍ സമൂഹത്താല്‍ നിരാകരിക്കപ്പെടുമായിരുന്നു. മൂന്നാമതൊരു വിധി ഇക്കാര്യത്തിലുണ്ടാകുമായിരുന്നില്ല. അവര്‍ ബുദ്ധിയും ഇല്ലാത്തവരാണെങ്കില്‍ അവരുടെ വിശ്വാസങ്ങളില്‍ ഇത്രയും ദൃഢമാനസരായി സര്‍വ്വവും ത്യജിച്ച്‌ നിഷ്ഫലവും അയഥാര്‍ത്ഥവുമായ ഒരു കാര്യത്തിന്‌ വേണ്ടി എങ്ങനെ അവര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയും. അവരെ ഭ്രാന്തന്‍മാരാണെന്ന്‌ പറഞ്ഞ്‌ എഴുതിത്തള്ളാനാവുമോ? മാനസികഭ്രമം ഉള്ളവര് അ‍വരുടെ അസ്ഥിര ബുദ്ധിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇളകിക്കൊണ്ടിരിക്കും. പ്രവാചകന്‍മാരുടെ നേരെ അദ്ദേഹത്തിന്‍റെ കാല്‍പാദങ്ങളിലെ ഭൂമി നഷ്ടപ്പെടുമാറ്‌ സമൂഹം അതി ഭീകരമായി പ്രതികരിക്കുന്നു. പാവപ്പെട്ടവരോ പണക്കാരോ ആയ യാതൊരു മനുഷ്യന്‍റെ പിന്തുണയും അവര്‍ക്ക്‌ ലഭിക്കുന്നില്ല. ശക്തന്‍മാരില്‍നിന്നോ അശക്തന്‍മാരില്‍നിന്നോ സമൂഹത്തിന്‍റെ രൂക്ഷമായ എതിര്‍പ്പിനെതിരെ ചെറുസഹായം പോലും പ്രവാചകന്‍മാര്‍ക്ക്‌ ലഭിക്കുന്നില്ല.

അവരുടെ സന്ദേശത്തിന്‍റെ മഹത്വവും സ്വഭാവത്തിന്‍റെ വൈശിഷ്ട്യവും കഠിനമായ ആകുലാവസ്ഥയിലും അന്തിമ വിജയത്തെക്കുറിച്ചുള്ള അചഞ്ചലമായ വിശ്വാസവും എല്ലാം തന്നെ അവരുടെ സത്യത്തിന്‍റെ സാക്ഷ്യങ്ങളാകുന്നു.

അവരുടേത്‌ ആത്യന്തികമായ ത്യാഗത്തിന്‍റെ കഥയാണ്‌ അത്യാര്‍ത്തിയുടേതല്ല. അവരുടെ ഉദാത്ത ലക്ഷ്യത്തിനു വേണ്ടി അവര്‍ നേടിയതെല്ലാം നഷ്ടപ്പെടുത്തി. അവര്‍ മാത്രമല്ല അവരുടെ അനുയായികളായി അനസ്യൂതം ചേര്‍ന്നുകൊണ്ടിരുന്നവര്‍ എല്ലാ പ്രയാസങ്ങളേയും അതിജീവിച്ചുകൊണ്ട്‌ പരമമായ ത്യാഗത്തിന്‍റെ അതേ പാത തന്നെപിന്തുടരുന്നു. ആക്ഷേപിച്ചു കൊണ്ടു ചൂണ്ടിയ വിരലുകളൊന്നും തന്നെ അത്തരം ആളുകളെ നിരുത്സാഹപ്പെടുത്തിയില്ല.


മനുഷ്യന്‍റെ അജ്ഞതയില്‍ നിന്നു വ്യാജ ദൈവങ്ങള്‍ സൃഷ്ടിക്ക പ്പെട്ടു എന്ന ഈ സിദ്ധാന്തം മനുഷ്യചരിത്രത്തിലെ അജ്ഞതയും അപക്വതയും മുറ്റിനിന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഭാഗികമായി ശരിയായിരിക്കാം. അജ്ഞരായ സാധാരണക്കാരെ മത പുരോഹിതന്‍മാര്‍ ചൂഷണം ചെയ്യുന്നത്‌ നിഷേധിക്കപ്പെടാന്‍കഴിയാത്തതാണ്‌. പക്ഷേ, ഈ പ്രക്രിയ, ആശയങ്ങളുടെ ക്രമികമായ പരിണാമത്തെ സൃഷ്ടിച്ചുവെന്നും അത്‌ അവസാനം ഏകദൈവ വിശ്വാസത്തിലെത്തിച്ചു എന്നുമുള്ള അഭിപ്രായം തള്ളിക്കളയാവുന്നവയാണ്. വിഗ്രഹാരാധകരുടെ അന്ധവിശ്വാസങ്ങള്‍ പരിണമിച്ചാണ്‌ ഏക ദൈവാരാധന ഉണ്ടായത്‌ എന്ന വാദം ചരിത്രവസ്തുതകളുടെ പിന്‍ബലമില്ലാത്തതാണ്‌. അത്‌ സാമൂഹിക ശാസ്ത്രജ്ഞന്‍മാരുടെ ചപല മോഹങ്ങളുടെ ഒരു സങ്കല്‍പം മാത്രമാണ്‌.

ബഹുദൈവാരാധാന രൂപാന്തരപ്പെട്ടാണ്‌ ഏക ദൈവാരാധാനയുണ്ടായത്‌ എന്ന സിദ്ധാന്തത്തിന്‌ ചരിത്രത്തില്‍ നിന്നു യാതൊരു തെളിവും ലഭ്യമല്ല. ബഹുദൈവാരാധനയില്‍ നിന്നു ഏകദൈവാരാധനയിലേക്കുള്ള ഏതെങ്കിലുമൊരു സമൂഹത്തിന്‍റെ രൂപാന്തരഘട്ടത്തെ സംബന്ധിച്ച്‌ ഒരു സാക്ഷ്യവും ലഭ്യമല്ല. മറിച്ച്‌, പൊടുന്നനെ ഒരു മഹാത്മാവ്‌ പ്രത്യക്ഷപ്പെടുകയാണ്‌ചെയ്യുക. അതോടെ അദ്ദേഹത്തെ പിന്തുടരാനാഗ്രഹിക്കുന്നവര്‍ക്ക്‌ മുമ്പില്‍ ഉജ്വലത്യാഗങ്ങള്‍ ആവശ്യപ്പെടുന്ന വമ്പിച്ച യാതനകളുടെ സംഭവ പരമ്പരകള്‍ ചലിച്ചുതുടങ്ങുകയും ചെയ്യുന്നു.

യാദൃച്ഛികതയുടെ ചില സങ്കീർണതകൾ

പുരുഷന്‍ ഒരു പ്രാവശ്യം സ്രവിപ്പിക്കുന്നത്‌ ഇരുന്നൂറ്‌ കോടിയോളം ബീജങ്ങളാണ്‌. ഒരു മില്ലിലിറ്റര്‍ ശുക്ളത്തില്‍ 20 മുതല്‍ 40 കോടിവരെ ബീജങ്ങളുണ്ടായിരിക്കും. ഒരു മില്ലിലിറ്ററില്‍ രണ്ടു കോടിയില്‍ കുറവുമാത്രമാണ്‌ ബീജസംഖ്യയെങ്കില്‍ ബീജസങ്കലനം നടക്കുകയില്ല. അണ്ഡവുമായി സംയോജിക്കുവാന്‍ ഒരൊറ്റ ബീജത്തിനേ കഴിയൂ എന്നിരിക്കെ, എന്തുകൊണ്ടാണ്‌ ബീജസംഖ്യ കുറഞ്ഞു പോയാല്‍ സങ്കലനം നടക്കാത്തതെന്ന്‌ ഇതുവരെ മനസ്സിലാക്കാനായിട്ടില്ല. ശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങളാണ്‌പുരുഷ ബീജങ്ങള്‍. തല, കഴുത്ത്‌, ഉടല്‍, വാല്‍ എന്നീ ഭാഗങ്ങളാണ്‌ പുരുഷബീജത്തിനുള്ളത്‌. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ തല മാത്രമാണ്‌ ബീജസങ്കലനത്തില്‍ പങ്കെടുക്കുന്നത്‌. ബാക്കി ഭാഗങ്ങളെല്ലാം തിരസ്കരിക്കപ്പെടുന്നു. വാല്‍ അതിനെ ചലിക്കാന്‍ സഹായിക്കുന്നു. വാലിളക്കി മുന്നോട്ടുപോയാണ്‌ ബീജം അണ്ഡത്തിന്‍റെ അരികിലെത്തുന്നത്‌. സ്ത്രീ ജനനേന്ദ്രിയത്തിലൂടെ വളരെ ദൂരം ചലിച്ചാണ്‌ അത്‌ അണ്ഡത്തിന്‍റെ സമീപമെത്തുന്നത്‌. മുന്നിലേക്കാണ്‌ അതിന്‍റെ ചലനം. സ്രവിക്കപ്പെട്ട ശുക്ളത്തിലെ ബീജകോടികളുടെ ഒരു പട അണ്ഡത്തിന്‍റെ ദിശയിലേക്ക്‌ നീങ്ങുന്നു. അകലെ കിടക്കുന്ന അണ്ഡത്തിന്‍റെ സാന്നിധ്യം എങ്ങനെയാണ്‌ ബീജമറിയുന്നത്‌? മുമ്പോട്ടു ചലിച്ചാല്‍ തനിക്ക്‌ സംയോജിക്കേണ്ട അണ്ഡമുണ്ടെന്ന ബോധം അതിന്‌ നല്‍കിയതാരാണ്‌? ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ക്കൊക്കെ എന്തു പ്രസക്തി.. ഇതെല്ലാം യാദൃച്ഛികമായി സംഭവിക്കാവുന്നതല്ലേ ഉള്ളൂ!

അണ്ഡാശയത്തിലെ സംവിധാനങ്ങള്‍


സസ്യങ്ങളിലും മൃഗങ്ങളിലും മനുഷ്യരിലുമെല്ലാമുള്ള സ്ത്രീ വര്‍ഗങ്ങളിലെ പ്രത്യുല്‍പാദന കോശങ്ങള്‍ക്ക്‌ പൊതുവായിപ്പറയുന്ന പേരാണ്‌ അണ്ഡം (ovum). മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പംകൂടിയ കോശമാണ്‌ അണ്ഡം. ഒരു ഇഞ്ചിന്‍റെ ഇരുന്നൂറിലൊന്നാണ്‌ ഇതിന്‍റെ വലിപ്പം. ഗോളാകൃതിയിലുള്ള ഇതിന്‌ ജനിതക വസ്തുക്കളെ ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്ര(ന്യൂക്ളിയസ്‌)മുണ്ട്‌. ബീജസങ്കലനത്തിനുശേഷം ഭ്രൂണവളര്‍ച്ചയുടെ ആദ്യ ഘട്ടത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും അണ്ഡത്തില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്‌. അണ്ഡത്തിനറിയാമല്ലോ ഒരു ബീജം വരാനുണ്ടെന്നും ആ ബീജവുമായി ഞാന്‍ സം‌യോജിച്ച് വളര്‍ന്നു വലുതാകും അപ്പോള്‍ ഭക്ഷണം വേണ്ടിവരും എന്നുമൊക്കെ! ഗര്‍ഭാശയത്തിന്‍റെ അടിവശത്ത്‌ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളാണ്‌ (ovary) അണ്ഡം ഉല്‍പാദിപ്പിക്കുന്നത്‌. രണ്ട്‌ അണ്ഡാശയങ്ങളുണ്ട്‌. 3.5 സെന്‍റീമീറ്റര്‍ നീളവും രണ്ടു സെന്‍റീമീറ്റര്‍ കനവും 48 ഗ്രാം തൂക്കവുമുള്ള ഇതിന്‌ ബദാംപരിപ്പിന്‍റെ ആകൃതിയാണുള്ളത്‌. പെണ്‍കുഞ്ഞിന്‍റെ ഭ്രൂണദശയില്‍തന്നെ അണ്ഡാശയങ്ങളില്‍ എഴുപത്‌ ലക്ഷം അണ്ഡങ്ങളുണ്ടായിരിക്കും. കുഞ്ഞ്‌ ജനിക്കുന്നതോടെ അവയില്‍ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞിരിക്കും. ഏകദേശം ഇരുപത്‌ ലക്ഷം അണ്ഡങ്ങളോടുകൂടിയാണ്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നത്‌.

പ്രായപൂര്‍ത്തിയെത്തുന്നതോടെ പിന്നെയും കുറെ അണ്ഡകോശങ്ങള്‍ നശിക്കുകയും ഏകദേശം മൂന്നു ലക്ഷം കോശങ്ങള്‍ മാത്രം ബാക്കിയാവുകയും ചെയ്യും. പെണ്‍കുഞ്ഞിന്‌ ഏകദേശം എട്ടു വയസ്സാവുമ്പോള്‍ അവളുടെ മസ്തിഷ്കത്തിലെ ഹൈപ്പോത്തലാമസില്‍നിന്നു യാദൃച്ഛികമായി നാഡീയ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും അത്‌ താഴെയുള്ള പിറ്റ്യൂട്ടറിഗ്രന്ഥിക്ക്‌ അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുവാനുള്ള ആജ്ഞനല്‍കുകയും ചെയ്യുന്നു. ഉത്തേജിതമാവുന്ന അണ്ഡാശയങ്ങള്‍ പ്രധാനപ്പെട്ട സ്ത്രൈണ ഹോര്‍മോണായ എസ്ട്രജന്‍ ഉല്‍പാദി പ്പിക്കുവാന്‍ തുടങ്ങുകയും ഇതിന്‍റെ പ്രവര്‍ത്തനഫലമായി മെല്ലെ മെല്ലെ അവള്‍ കുമാരിയായി മാറുകയും ചെയ്യുന്നു. പിറ്റ്യൂട്ടറിയുടെ ഉത്തേജകഫലമായി അണ്ഡാശയങ്ങളിലെ അതിസൂക്ഷ്മങ്ങളായ അണ്ഡകോശങ്ങള്‍ വികസിച്ച്‌ ഫോളിക്കിള്‍ (follicle) എന്നറിയപ്പെടുന്ന ചെറിയ കുമിളകള്‍ പോലെയുള്ള വസ്തുവായിത്തീരുന്നു. ഏകദേശം ഇരുപത്‌ ഫോളിക്കിളുകള്‍ വളരാന്‍ തുടങ്ങുന്നുവെ ങ്കിലും അഞ്ചെട്ടു ദിവസം കഴിയുമ്പോള്‍ ഒന്നു മാത്രം പെട്ടെന്ന്‌ വളരുകയും മറ്റുള്ളവയെല്ലാം വളര്‍ച്ച മുരടിച്ച്‌ നാമാവശേഷമാവുകയും ചെയ്യുന്നു. ബാക്കിയായ ഒരു ഫോളിക്കിള്‍ വളര്‍ച്ച തുടരുകയും ഒരു ഘട്ടമെത്തുമ്പോള്‍ യാദൃച്ഛികമായി പൊട്ടിപ്പിളരുകയും അതില്‍ നിന്ന്‌ അണ്ഡം പുറത്തുവരികയും ചെയ്യുന്നു. ഇതിനെയാണ്‌ അണ്ഡോല്‍സര്‍ജ്ജനം(ovulation) എന്നു പറയുന്നത്‌.

അണ്ഡാശയങ്ങള്‍ എസ്ട്രജന്‍ ഉല്‍പാദിപ്പിക്കാനാരംഭിക്കുന്നതുവരെ ഗര്‍ഭാശയം സുഷുപ്തിയിലായിരിക്കും. എസ്ട്രജന്‍ ഗര്‍ഭാശയത്തെയും ഉണര്‍ത്തുകയും അതിന്‍റെ വലിപ്പം അല്‍പം വര്‍ധിക്കുകയും കൂടുതല്‍ മൃദുവായിത്തീരുകയും ചെയ്യുന്നു. ഗര്‍ഭാശയത്തിന്‍റെ ഉള്ളിലെ പാളിയായ എന്‍ഡോമെട്രിയത്തില്‍ പുതിയ രക്തവാഹിനികള്‍ ഉടലെടുക്കുകയും അതിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും ചെയ്യുന്നു. പുതിയ ചിലഗ്രന്ഥികള്‍ ആവിര്‍ഭവിക്കുകയും അവ വലുതാവുകയും ചെയ്യുന്നതിന്‍റെ ഫലമായി എന്‍ഡോമെട്രിയത്തിന്‍റെ കട്ടി ഒരുമില്ലിമീറ്ററില്‍നിന്ന്‌ ഏകദേശം നാലു മില്ലിമീറ്ററായി വര്‍ധിക്കുന്നു. അപ്പോഴേക്കും അണ്ഡോല്‍സര്‍ജനം നടക്കുന്നു. സ്വയം പൊട്ടി അണ്ഡത്തെ സ്വതന്ത്രമാക്കിയ ഫോളിക്കിളില്‍ പുതിയ ചില കോശങ്ങള്‍ വളര്‍ന്നുവരികയും മഞ്ഞക്കരുവെന്ന്‌ (corpusluteum)വിളിക്കപ്പെടുന്ന ഒരു ഗ്രന്ഥിയായി മാറുകയും ചെയ്യുന്നു. അതില്‍ നിന്ന്‌ പ്രൊജസ്റ്ററോണ്‍ (progesterone) എന്നു വിളിക്കപ്പെടുന്നപുതിയൊരുതരം ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതിന്‍റെ സ്വാധീനഫലമായിട്ടാണ്‌ എന്‍ഡോമെട്രിയത്തിലെ ഗ്രന്ഥികള്‍വലുതായി വീര്‍ക്കുന്നത്‌. അതോടൊപ്പംതന്നെ എന്‍ഡോമെട്രിയം ഒരുതരം ദ്രാവകം സ്രവിപ്പിക്കാനാഗ്രഹിക്കുന്നു. ഇതെല്ലാംതന്നെ ബീജസങ്കലിതമായ അണ്ഡത്തെ സ്വീകരിക്കുവാനുള്ള ഗര്‍ഭാശയത്തിന്‍റെ തയാറെടുപ്പാണ്‌. ഈ അണ്ഡാശയത്തിന്‍റെ ബുദ്ധി അപാരം തന്നെ!
മൂന്ന്‌ ആഴ്ചയോളം പിറ്റ്യൂട്ടറി ഗ്രന്ഥിയും അണ്ഡാശയങ്ങളും ഗര്‍ഭാശയവും കൂടി ഒത്തൊരുമിച്ച്‌ ഭ്രൂണത്തെ വരവേല്‍ക്കാനും അതിന്‍റെ സമ്പൂര്‍ണമായ സംരക്ഷണത്തിനുമാവശ്യവുമായ ഒരുക്കങ്ങള്‍ നടത്തുന്നു. ഒരു ഗര്‍ഭത്തെ വളര്‍ത്താനുള്ള തയാറെടുപ്പ്‌! ഇങ്ങനെയെല്ലാം ഒരുങ്ങിയിട്ട്‌ ബീജസങ്കലനം നടക്കാതിരിക്കുകയാണെങ്കില്‍ ഈ ഒരുക്കങ്ങളെല്ലാം വൃഥാവിലാവില്ലേ? തീര്‍ച്ചയായും. ഇതിനു ശേഷം യാദൃച്ഛികതയുടെ ഒരു വിളയാട്ടം തന്നെ  നടക്കുന്നു! തങ്ങളുടെ ശ്രമങ്ങള്‍ വൃഥാവിലാണെന്ന്‌ മനസ്സിലായ ഉടന്‍ മഞ്ഞക്കരു ഹോര്‍മോണുകളുടെ നിര്‍മാണം നിര്‍ത്തുന്നു. എസ്ട്രജെന്‍റയും പ്രോജസ്റ്ററോണിന്‍റെയും അളവ്‌ പെട്ടെന്ന്‌ താഴുന്നു. ഇതിന്‍റെ ഫലമായി എന്‍ഡോ മെട്രിയത്തിലുണ്ടായ പുതിയ വളര്‍ച്ചയെല്ലാം അടര്‍ന്നുപോവുകയും രക്തവാഹിനികള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു. ഇതാണ്‌ ആര്‍ത്തവം.

അന്ധനായ ഘടികാര നിര്‍മ്മാതാവ്' (THE BLIND WATCHMAKER).

പ്രഗല്‍ഭനായ ബ്രിട്ടീഷ് ജന്തു ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ഡാക്വിന്‍സിന്‍റെ പ്രസിദ്ധമായ പുസ്തകമാണ് 'അന്ധനായ ഘടികാര നിര്‍മ്മാതാവ്' (THE BLIND WATCHMAKER). ഈ പുസത്കത്തില്‍ ഡാക്വിന്‍സ് വാസ്തവത്തില്‍ ഡാര്‍‌വിനിസം പുനര്‍ രചിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് അസ്തിത്വമില്ല എന്ന ഡാര്‍‌വിന്‍റെ സിദ്ധാന്തത്തെ പ്രത്യക്ഷമായിത്തന്നെ വിളംബരപ്പെടുത്തുന്നതാണ് പ്രസ്തുത പുസ്തകം.

എല്ലാ സൃഷ്ടിക്കും ഒരു സ്രഷ്ടാവ് ആവശ്യമാണ്. നിങ്ങള്‍ക്ക് ഡാവിഞ്ചിയെ നിഷേധിച്ചുകൊണ്ട് മോണാലിസയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. എന്നിട്ടും വ്യക്തമായ ഈ നിരര്‍ഥക വാദത്തോട് പ്രൊഫസര്‍ ഡാക്വിന്‍സ് പ്രതിബദ്ധത അകാട്ടുന്നു. സൃഷ്ടിയില്‍ അദ്ദേഹം വിശ്വസിക്കുമ്പോള്‍ തന്നെ സ്രഷ്ടാവിന്‍റെ അസ്തിത്വത്തെ അദ്ദേഹം നിഷേധിക്കുന്നു. വിലക്ഷണമായ രീതിയില്‍ സ്രഷ്ടാവിനു പകരം പ്രകൃതി നിര്‍ദ്ധാരണത്തെ പകരം വെക്കുകയും ചെയ്യുന്നു. ഉന്നതനായ ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ എന്ന നിയില്‍ അദ്ദേഹത്തില്‍ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡാര്‍‌വിന്‍ സിദ്ധാന്തം ഒരു രചനാത്മക തത്ത്വമല്ലെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ടായിരുന്നു.

പ്രൊഫസര്‍ ഡാക്വിന്‍സ് ജീവന്‍റെ യഥാര്‍ത്ഥ പ്രശ്നവുമായുള്ള ഏറ്റുമുട്ടല്‍ ഈ പുസ്തകത്തില്‍ ഒഴിവാകുകയാണ് ചെയ്യുന്നത്. പ്രശ്നങ്ങളുടെ അസ്തിത്വം അദ്ദേഹം അംഗീകരിക്കുന്നു; അതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവുമുണ്ട്. എന്നിരിക്കേയാണ് ഈ ഒഴിവാക്കല്‍. അദ്ദേഹം ഉന്നയിച്ച എല്ലാ വസ്തുതകളും ചര്‍ച്ചചെയ്യുകയല്ല ഇവിടെ ഉദ്ദേശ്യം. കാരണം, അവയില്‍ പലതും അപ്രസക്തങ്ങളാണ്; വിഷയവുമായി ബന്ധമില്ലാത്തവയാണ്. എന്നിരുന്നാലും യഥാര്‍ഥ ജീവനെക്കുറിച്ചും അത് ആവാഹിക്കുന്ന നിഗൂഢതകളെക്കുറിച്ചും പ്രൊഫസര്‍ ഡാക്വിന്‍സ് എഴുതുമ്പോള്‍ തികച്ചും ഒരു ശാസ്ത്രജ്ഞനെപ്പോലെതന്നെയാണ് അത് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. മറ്റു ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ അദ്ദേഹം കൈകടത്തുന്നില്ല. ഇവിടെ ഡാക്വിന്‍സ് വളരെ നല്ല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ സാമര്‍ഥ്യമൊന്നും പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ സമര്‍ഥനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു കാണുന്നില്ല. മുമ്പേ നിലകൊള്ളുന്ന ഒരു ധൈഷണിക ബോധത്തിന്‍റെ അസ്തിത്വമില്ലാതെ ജീവന്‍ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടുംകൂടി സൃഷ്ടിക്കപ്പെടുക സാധ്യമല്ല.

ജീവന്‍റെ ഈ സൃഷ്ടി നടത്തിയത് ഒരിക്കലും പ്രകൃതി നിര്‍ദ്ധാരണമല്ല. ജീവിത യാഥാര്‍ഥ്യത്തിന്‍റെ സത്യസന്ധമായ എല്ലാ അനുഭവങ്ങളും ഈ ആശയത്തി‍ലേക്കാണ് നമ്മെ നയിക്കുന്നത്. അനിവാര്യമായ ഈയൊരു യുക്ത്യാധിഷ്ടിത നിഗമനം ഒഴിവാകാന്‍ വേണ്ടി അദ്ദേഹം സ്വയം തന്നെ സൃഷ്ടിച്ച അയഥാര്‍ഥമായ സ്വപന ലോകത്തേക്ക് പലായനം ചെയ്യുകയാണ്. അതായത്, കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും വിചിത്ര ജീവികളുടെയും ലോകം. പിന്നീട് അദ്ദേഹം മനുഷ്യ നിര്‍മ്മിത യന്ത്രങ്ങളും പ്രകൃതിയിലെ പ്രത്യക്ഷമായ സങ്കീര്‍ണ്ണതകളും തമ്മില്‍ വ്യക്തമായ ഒരു വിഭജന രേഖ വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതങ്ങളുടെ സങ്കീര്‍ണ്ണതകളെല്ലാം യാഥാര്‍ഥ്യങ്ങളും ലക്ഷ്യത്തോടൂ കൂടിയവയും നന്നായി ആസൂത്രണം ചെയ്തവയുമാണെന്നും എന്നാല്‍, പ്രകൃതിയിലുള്ള സങ്കീര്‍ണ്ണതകളില്‍ അത്ഭുതങ്ങളുടെ ഘടകങ്ങള്‍ വളരെ കൂടുതല്‍ ആണെങ്കിലും ഉദ്ദേശ്യ രഹിതവും അനാസൂത്രിതവുമാണെന്നും അവകാശപ്പെട്ടുകൊണ്ട് വായനക്കാരെ അദ്ദേഹം വഴി തെറ്റിക്കുന്നു. പ്രകൃതിയിലുള്ള വസ്തുക്കള്‍ക്ക് എന്തെങ്കിലും ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള സങ്കീര്‍ണ്ണതകളോ മുന്‍‌കൂട്ടിയുള്ള രൂപകല്പ്പനയോ ഉണ്ടെന്നുള്ളത് ഒരു പ്രതീതി മാത്രമാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാനാണ്. അദ്ദേഹത്തിന്‍റെ ശ്രമം. അവധാനതയില്ലാത്ത വായനക്കാരനെ മുന്നോട്ടും പിന്നോട്ടും ഓടിച്ച് മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ഡാക്വിന്‍സ് ചെയ്യുന്നത്. അതായത്, അവലോകന ദര്‍ശനത്തില്‍ നിന്ന് ദീര്‍ഘദര്‍ശനത്തിലേക്കും ദീര്‍ഘദര്‍ശനത്തില്‍ നിന്ന് അവലോക ദര്‍ശനത്തിലേക്കുമുള്ള വഞ്ചനാത്മകമായ ഒരു ശ്രമമാണിത്. മനുഷ്യനിര്‍മ്മിതമായ എല്ലാ വസ്തുക്കളും ദീര്‍ഘദൃഷ്ടിയോടുകൂടിയാണെന്ന് ലോകം വിശ്വസിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതായത്, ഒരു ബോധ മനസ്സിന്‍റെ ഉല്പ്പന്നമായ അവയ്ക്ക് ലക്ഷ്യവും രൂപകല്പ്പനയും സാങ്കേതിക സങ്കീര്‍ണ്ണതയും ഉണ്ട്. പ്രകൃതി നിര്‍മ്മിത വസ്തുക്കളിലേക്ക് തിരിയുമ്പോള്‍ അതില്‍ മനുഷ്യ നിര്‍മ്മിത വസ്തുവിനേക്കാള്‍ ആയിരക്കണക്കിന് കാര്യങ്ങളില്‍ അത്ഭുതങ്ങളുടെ മഹത്തായ ഘടകങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍, മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ രൂപകല്പ്പന കാണാന്‍ നാം ശീലിപ്പിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് നമ്മുടെ അവലോകനദൃഷ്ടി പ്രകൃതി വസ്തുക്കളിലേക്ക് നോക്കുമ്പോള്‍ ഇതേ ലക്ഷ്യബോധത്തിന്‍റെയും രൂപകല്പ്പനയുടെയും മിഥ്യാ ബോധത്തെ നമ്മില്‍ ജനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു അദ്ദേഹം ഊന്നിപ്പറയുന്നു. അതുകൊണ്ട് പ്രകൃതി വസ്തുക്കള്‍ക്കും ഒരു ബോധാത്മകനായ രൂപസന്ദായകനുണ്ടാകണമെന്ന് വിശ്വസിക്കാന്‍ നാം പ്രേരിതരായിത്തീരുന്നു. വ്യക്തമായും അദ്ദേഹം സ്വയം ആധികാരികമായ ചില വാക്കുകള്‍ പ്രസ്താവിക്കുകയല്ലാതെ ഈ മിഥ്യാ വാദത്തെ സംബന്ധിച്ച് യാതൊരു വാദ മുഖങ്ങളും അവതരിപ്പിക്കുന്നില്ല. നേരെ മറിച്ച് യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരത്തിയ ഉദാഹരണങ്ങളെല്ലാം അദ്ദേഹത്തിന്‍റെ നിഗമനങ്ങളെ ഖണ്ഡിക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണമായി വവ്വാലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പണ്ഡിതോചിതമായ പഠനമെടുക്കാം. ഇത്തരം പഠനത്തെക്കുറിച്ച് അദ്ദേഹം പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നത് ഇപ്ര്കാരമാണ്:

"ഇത്തരം മിഥ്യകള്‍ കെട്ടിപ്പൊക്കിയ ശേഷം അതിനു പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് അത് വിപാടനം ചെയ്യുകയാണ് എന്‍റെ ഉദ്ദേശ്യം."

ഖേദകരമെന്നു പറയട്ടെ, ഇത് അദ്ദേഹം പാലിക്കുന്നില്ല. വവ്വാലിനെക്കുറിച്ചുള്ള വിവരണത്തിനാണ് പ്രസ്തുത പുസ്തകത്തിലെ Good Design എന്ന അദ്ധ്യായത്തിലെ നല്ലൊരു പങ്കും അദ്ദേഹം വിനിയോഗിച്ചിട്ടുള്ളത്. അദ്ദേഹം എഴുതുന്നു:

"അവയുടെ മസ്തിഷ്ക്കം വളരെ ലോലമായി ക്രമീകരിച്ചു നിര്‍ത്തിയ ഒരു കൂട്ടം ഇലക്ട്രോണിക് ഇന്ദ്രജാലങ്ങളുടെ ഒരുകൊച്ചു പ്രപഞ്ചമാണ്. പ്രതിധ്വനികളുടെ ലോകം കൃത്യ സമയത്ത് decode അഥവാ വിശകലനം ചെയ്യാന്‍ ആവശ്യമായ രീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ട വിപുലമായ ഒരു സോഫ്റ്റ്‌വെയര്‍ ആണത്. അനിതരസാധാരനമായ രീതിയില്‍ ഉദ്ദിഷ്ട രീതിയില്‍ അള്‍ട്രാ സൗണ്ടുകള്‍ പ്രസരിപ്പിക്കുന്ന ഉപകരണങ്ങളാണ് അവയെന്ന് നാം തിരിച്ചറിയുന്നത്‌വരെ, പള്ളിമേടയ്ക്ക് മുകളില്‍ വാ പിളര്‍ന്ന് മുഖം വികൃതമാക്കി തൂക്കിയിട്ടിരിക്കുന്ന തൂക്കുപാവയെപ്പോലെയേ നാം വവ്വാലിനെ കാണുന്നുള്ളൂ."

വളരെ സമര്‍ഥമായി അദ്ദേഹം ഈ സമസ്യകള്‍ ഉപസംഹരിക്കുന്നുണ്ട്. ശബ്ദത്തിനുമേല്‍ നിയന്ത്രണമുള്ള വവ്വാലിന്രെ കഴിവുകളെ അദ്ദേഹം പ്രശംസിക്കുന്നത് കാണുക:

"ഒരു കൊച്ചു തവിട്ടു നിറമുള്ള വവ്വാല്‍ തന്‍റെ ശബ്ദ പ്രതിധ്വനിയിലൂടെ ഒരു കീടത്തെ കണ്ടുപിടിക്കാന്‍ ആരംഭിക്കുമ്പോള്‍ അതിന്‍റെ ശബ്ദത്തിന്‍റെ കമ്പന നിരക്ക് അധികമാകുന്നു. ഒരു മെഷീന്‍ ഗണ്ണിനേക്കാള്‍ വേഗത്തില്‍ ആയിരിക്കും അതിന്‍റെ പ്രവേഗം. സെക്കന്‍റില്‍ പരമാവധി 200 പള്‍സ് നിരക്കില്‍ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് വവ്വാല്‍ ചലിക്കുന്ന ഇരയുടെ അടുത്തെത്തുന്നു"


അവിദ്ദേഹം ഉയര്‍ത്തുന്ന ചൊദ്യം:

"വവ്വാലുകള്‍ക്ക് സെക്കന്‍റില്‍ 200 വരെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ സ്പന്ദനങ്ങള്‍ അയക്കാന്‍ കഴിയുന്നുവെങ്കില്‍ എന്തുകൊണ്ട് ഇത് എല്ലാ സമയവും നിലനിര്‍ത്തുന്നില്ല? കാരണം, വവ്വാലുകള്‍ക്ക് അതിന്‍റെ പള്‍സ് നിരക്ക് ക്രമീകരിക്കുന്ന ഒരു സം‌വിധാനമുണ്ട്. വവ്വാലിന് അടിയന്തിരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയും ലോകത്തെ സൂക്ഷ്മമായി അറിയാനും എന്തുകൊണ്ട് സ്ഥിരമായി ഈ സം‌വിധാനം പരമാവധി ആവൃത്തിയില്‍ പ്രവര്‍ത്തിച്ചു കൂടാ?"

അദ്ദേഹം തന്നെ ഇതിനുത്തരം നല്‍കുന്നു:

"ഒരു കാരണമിതാണ്. ഈ ഉന്നത നിരക്കിലുള്ള തരംഗങ്ങള്‍ അടുത്തെത്തിയ ഇരകള്‍ക്കു നേരെ മാത്രമേ അനുയോജ്യമാകൂ. തന്‍റെ മുന്നില്‍ ദൂരെയുള്ള ഇരകള്‍ക്ക് നേരെ ഉന്നത നിരക്കില്‍ കമ്പനങ്ങള്‍ അയക്കുകയാണെങ്കില്‍ അതില്‍ തട്ടി പ്രതധ്വനിക്കുന്ന തരംഗങ്ങള്‍ മറ്റു ശബ്ദതരംഗങ്ങളുമായി ഇടകലര്‍ന്ന് പോകുന്നത് കൊണ്ടായിരിക്കാം അടുത്തുള്ള ഇരകള്‍ക്ക് നേരെ മാത്രം ഉന്നത നിരക്കിലുള്ള കമ്പനങ്ങള്‍ അയക്കുന്നത്"

വവ്വാലുകളുടെ വൈമാനികവും ശാബ്ദികവുമായ അത്ഭുത കഴിവുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നതിങ്ങനെ:

"കൃത്യമായ ഉപകരണങ്ങലിലൂടെയും കടലാസുകളിലെഴുതിയ ഗണിതകൃയകളിലൂടെയും ഒരു പരിധിവരെ മാത്രമേ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു കൊച്ചു ജീവി അതെല്ലാം തന്‍റെ തലയില്‍ ചെയ്യുന്നുവെന്ന് സങ്കല്പ്പിക്കന്‍ പ്രയാസമാണ്"

സാങ്കേതിക സങ്കീര്‍ണ്ണതെകളെക്കുറിച്ച് പറയുമ്പോള്‍ മനുഷ്യ നിര്‍മ്മിത യന്ത്രങ്ങള്‍ക്ക് അതിനോട് സാമ്യമുണ്ടെങ്കിലും സങ്കീര്‍ണ്ണത അതിനെക്കാള്‍ കുറവാണെന്ന കാര്യം അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു:

"തീര്‍ച്ചയായും ഈ ചെപ്പിന്‍റെ (വവ്വാലിന്‍റെ തല) വയറിങ്ങ് നവീകൃതമായ ഒരു ബോധാത്മക മസ്തിഷ്കം ചെയ്തിട്ടുള്ളതായിരിക്കണം. (ചുരുങ്ങിയ പക്ഷം വയറിങ്ങിന്‍റെ രൂപകല്പനയെങ്കിലും അത്തരം ഒരു മസ്തിഷ്കം ചെയ്തതായിരിക്കണം). പക്ഷേ, ഈ കൊച്ചു പേടകത്തിന്‍റെ അനുനിമിഷമുള്ള പ്രവര്‍ത്തനത്തില്‍ യാതൊരു ബോധാത്മക തലച്ചോറും ഇടപെട്ടിട്ടില്ല"

" .... നമ്മുടെ സാങ്കേതിക വിദ്യയുമായുള്ള അനുഭവ പരിചയം പരിഷ്കൃതമായ ഒരു യന്ത്രം കാണുമ്പോള്‍ ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു രൂപ സന്ദായകന്‍ അതിനുണ്ടാകണം എന്നു കരുതാന്‍ നമ്മെ തയ്യാറാക്കിയിരിക്കുന്നു"

ഇവിടം മുതല്‍ക്കാണ് അദ്ദേഹത്തിന്രെ അസംബന്ധാത്മക നിഗമനങ്ങള്‍ ആരംഭിക്കുന്നത്. കാരണം, രൂപകല്പ്പന ചെയ്യുന്നത് ബോധശൂന്യമായ പ്രകൃതി നിര്‍ദ്ധാരണം അണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതായത് 'അന്ധനായ ഒരു ഘടികാര നിര്‍മ്മാതാവ്' അന്ധവും ബോധശൂന്യവുമായ ഡാര്‍‌വിന്‍ തത്ത്വങ്ങള്‍ക്ക് വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ട് ഡാക്വിന്‍സ് എഴുതുന്നു:

"എങ്ങനെയാണ് ഒരു അവയവത്തിനു സാങ്കേതിക സങ്കീര്‍ണ്ണതകള്‍ കൈവരുന്നത്?"

അദ്ദേഹം നല്‍കുന്ന ഉത്തരം ഇതാണ്:

"ഇത് ഒരു വാദമുഖമല്ല. അവിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ്"


ഡാക്വിന്‍സിനോട് അദ്ദേഹം ജോലിചെയ്യുന്ന കമ്പ്യൂട്ടര്‍ ബോധമുള്ള ഒരാളുടെ സൃഷ്ടിയല്ലെന്നും അതിനു യാതൊരു വിധ ഡിസൈനിങ്ങിന്‍റെയും ആവശ്യമില്ലെന്നും പറയപ്പെട്ടാല്‍ അദ്ദേഹം അംഗീകരിക്കുമോ? ഒരിക്കലും അദ്ദേഹമത് അംഗീകരിക്കില്ല. അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറാകട്ടെ വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തെക്കാള്‍ സങ്കേതിക സങ്കീര്‍ണ്ണതകള്‍ വളരെ കുറഞ്ഞതുമാണ്. 

http://kalkkee.blogspot.ae/2010/07/blind-watchmaker.htl

വിശ്വാസി വിശ്വാസം മനുഷ്യൻ


വരിയുടച്ചവരോടു് ലൈംഗികശേഷിയെപ്പറ്റി സംവദിക്കുന്നതുപോലെയാണു് തീവ്രവിശ്വാസികളുമായി യുക്തിബോധം ചർച്ച ചെയ്യുന്നതു്. അതുവഴി ഷണ്ഡനു് ലൈംഗികശേഷിയോ, മതഭ്രാന്തനു് യുക്തിബോധമോ ഉണ്ടാവുകയില്ല. ഏതെങ്കിലുമൊരു ദൈവത്തിൽ വിശ്വസിക്കുക എന്നതിനോളം എളുപ്പമായ വേറൊരു കർമ്മവുമില്ല. ഏതു് നിരക്ഷരകുക്ഷിക്കും ദൈവത്തിൽ വിശ്വസിക്കാം. വെറുതെ വിശ്വസിക്കുക എന്നതിൽ കവിഞ്ഞ ഒരു നിബന്ധനയും വിശ്വാസത്തിനില്ല. പാതാളത്തിലേക്കു് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി വർഷത്തിലൊരിക്കൽ മലയാളക്കര സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നു് ആർക്കും എപ്പോഴും വിശ്വസിക്കാം. ചില പ്രത്യേക ദിവസങ്ങളിൽ ചില കല്ലുകളോ ലോഹങ്ങളോ വാങ്ങി കഴുത്തിൽ തൂക്കുകയോ, മൂക്കിലോ ചെവിയിലോ തിരുകുകയോ ചെയ്താൽ ഒറിജിനൽ ദൈവത്തിന്റെ നിശ്ചയമായ വിധിയെപ്പോലും തനിക്കനുകൂലമാക്കി മാറ്റാമെന്നു് വിശ്വസിക്കാം. ആഭരണം ധരിച്ചാൽ പമ്പ കടക്കുന്ന ദൈവവിധി! ദൈവത്തെ 'തട്ടാൻ' ആഭരണം പണിയുന്ന തട്ടാൻ! അത്രേയുള്ളു, അത്രമാത്രമേയുള്ളു ദൈവവിശ്വാസമടക്കമുള്ള ഏതു് വിശ്വാസവും. "നീ വിശ്വസിച്ചാൽ മലയും മാറിപ്പോകും!" എന്നു് ബൈബിൾ. ഒറ്റയ്ക്കോ കൂട്ടമായോ ആരൊക്കെ എത്രയൊക്കെ വിശ്വസിച്ചാലും ഒരു മലയും മാറിപ്പോവുകയില്ല എന്നതു് സത്യം. വിശ്വസിച്ചിട്ടും എന്തുകൊണ്ടു് മല വെറുതെ ഒന്നു് അനങ്ങുക പോലും ചെയ്യുന്നില്ല എന്ന ചോദ്യത്തിനു് നിന്റെ വിശ്വാസം വേണ്ടത്ര ശക്തമായിരുന്നില്ല എന്ന ആർക്കും നിഷേധിക്കാനാവാത്ത മറുപടിയും നൽകാം. 


പ്രപഞ്ചത്തേയും മനുഷ്യജീവിതത്തേയും സംബന്ധിച്ച ഏതു് പ്രശ്നവും, ഏതു് ചോദ്യവും 'ദൈവം' എന്ന ഇഡിയറ്റ്‌ പ്രൂഫ്‌ ആയ ഒരൊറ്റ മറുപടിയിൽ തീർക്കാം. അതേ രീതിയിലുള്ള ഒറ്റവാക്കുത്തരമാണു് ദൈവ-മതസംബന്ധമായ ചർച്ചകളിൽ ഏതൊരു വിശ്വാസിയും അവന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയായി നിരീശ്വരവാദികളിൽ നിന്നും യുക്തിവാദികളിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നുമൊക്കെ പ്രതീക്ഷിക്കുന്നതു്. പക്ഷേ, പ്രകൃതിശാസ്ത്രത്തിൽ അത്തരം മറുപടികൾ ഇല്ല. ദൈവം എന്ന റെഡിമെയ്ഡ്‌ മറുപടിയിൽ എല്ലാ മനുഷ്യരും എല്ലാക്കാലവും തൃപ്തരായിരുന്നെങ്കിൽ സത്യം തേടിയുള്ള അന്വേഷണമോ ശാസ്ത്രമോ ഉണ്ടാവുമായിരുന്നില്ല. ഒരു സുപ്രഭാതത്തിൽ ഒരു കുരങ്ങൻ ഉറക്കമുണർന്നപ്പോൾ താനും കുടുംബവും മനുഷ്യരായി മാറിയിരിക്കുന്നതായി കണ്ടു എന്ന രീതിയിൽ എവൊല്യൂഷനെ മനസ്സിലാക്കുന്നവരുമായി ഒരു ചർച്ചക്കു് ആ ഫാക്കൾട്ടിയുമായി എന്തെങ്കിലും ബന്ധമുള്ള ആരും തയ്യാറാവുകയില്ല. അത്തരം അത്ഭുതപരിണാമങ്ങൾ വേദഗ്രന്ഥങ്ങളിലേ കാണൂ. അതുപോലെതന്നെ, ബിഗ്‌-ബാംഗ്‌ എന്നാൽ ഭൂമിയിലെ ഒരു വലിയ ബോംബ്‌ സ്ഫോടനം പോലെ ഒച്ചയും പ്രകാശവും പുകയുമൊക്കെയുള്ള ഒരു പൊട്ടിത്തെറി ആയിരുന്നെന്നു് ധരിച്ചുവച്ചിരിക്കുന്നവരുമായി പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി ഇന്നു് ശാസ്ത്രലോകം അംഗീകരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും മാത്രം ഭ്രാന്തു് ഈ വിഷയം കൈകാര്യം ചെയ്യുന്ന ഏതെങ്കിലുമൊരു ഭൗതികശാസ്ത്രജ്ഞനു് ഉണ്ടാവുമോ എന്നു് സംശയമാണു്. 



ഒരു വിശ്വാസിയെ സംബന്ധിച്ചു് ശാസ്ത്രം എന്നു് കേൾക്കുന്നതു് പിശാചു് കുരിശു് കാണുന്നതുപോലെയാണു്. പക്ഷേ, രസകരമായ ഒരു കാര്യം, അറിയപ്പെടുന്ന ഏതെങ്കിലുമൊരു ശാസ്ത്രജ്ഞൻ ദൈവം എന്ന വാക്കുചേർത്തു് ഒരു വാക്യം ഉച്ചരിക്കുകയോ, അതു് എങ്ങനെയെങ്കിലും ദൈവവിശ്വാസത്തിനു് അനുകൂലമായി വ്യാഖ്യാനിക്കാൻ പറ്റിയതാണെന്നു് വിശ്വാസികൾക്കു് തോന്നുകയോ ചെയ്താൽ, പിന്നെ ഏതു് ചർച്ചയിലും ആ വാക്യം ദൈവാസ്തിത്വത്തിനു് തെളിവായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നതാണു്. അക്കാര്യത്തിൽ വിശ്വാസിക്കു് ശാസ്ത്രത്തോടു് അയിത്തമൊന്നുമില്ല. ഇതുപോലുള്ള ചെറി പിക്കിംഗിനു് ഏറെ സാദ്ധ്യതകൾ തുറന്നിട്ട ഒരു ശാസ്ത്രജ്ഞനാണു് ആൽബെർട്ട്‌ ഐൻസ്റ്റൈൻ. കൂട്ടത്തിൽ പറയട്ടെ, 'ഹാലേലുയ്യ' 'അല്ലാഹു അക്ബർ' മുതലായവ പോലെ, ഏതു് മണുമണപ്പൊട്ടനും എളുപ്പം കാണാതെ പഠിക്കാനും ആവർത്തിക്കാനും പറ്റിയ ഒരു സമവാക്യം (E=mc²) ഐൻസ്റ്റൈനെ ശാസ്ത്രലോകത്തിനു് വെളിയിലും പ്രശസ്തനാക്കിയതിൽ അപ്രധാനമല്ലാത്ത ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഹൈസെൻബെർഗ്ഗ്‌, ഡിറാക്‌, ഷ്ര്യോഡിങ്ങർ മുതലായവർ പറഞ്ഞ കാര്യങ്ങൾ 'സ്തോത്രം' 'E=mc²' മുതലായവ പോലെ ദിവസത്തിൽ അഞ്ചുവട്ടം ആവർത്തിച്ചു് തലയിൽ കുടിയിരുത്താവുന്നവയല്ല എന്നതിനാൽ, അവ പൊതുവേ വിദഗ്ദ്ധരുടെ വൃത്തത്തിൽ മാത്രമായി ഒതുങ്ങുന്നു. ഐൻസ്റ്റൈനേപ്പോലുള്ളവരുടെ വാക്യങ്ങൾ ഉദ്ധരിക്കുന്നതുവഴി വിശ്വാസികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതു് ഇത്ര ഉന്നതനായ ഒരു ശാസ്ത്രജ്ഞൻ പോലും ദൈവവിശ്വാസി ആയിരുന്നു എന്നും അതുകൊണ്ടു് ദൈവവിശ്വാസം എന്നതു് ശാസ്ത്രം പോലെതന്നെ ലോജിക്കൽ ആണെന്നുമാണു്. അതുവരെയെത്തി കാര്യങ്ങൾ! വിശ്വാസിയുടെ ദൈവവിശ്വാസം അറ്റെസ്റ്റ്‌ ചെയ്യാൻ ഏറ്റവും യോഗ്യനായവൻ പാതിരിയും പാമ്പാട്ടിയുമൊന്നുമല്ല, മനുഷ്യന്റെ യുക്തിബോധത്തിൽ ആശ്രയിക്കുന്ന ശാസ്ത്രജ്ഞനാണു്!