Tuesday, May 13, 2014

വിശ്വാസി വിശ്വാസം മനുഷ്യൻ


രിയുടച്ചവരോടു് ലൈംഗികശേഷിയെപ്പറ്റി സംവദിക്കുന്നതുപോലെയാണു് തീവ്രവിശ്വാസികളുമായി യുക്തിബോധം ചർച്ച ചെയ്യുന്നതു്. അതുവഴി ഷണ്ഡനു് ലൈംഗികശേഷിയോ, മതഭ്രാന്തനു് യുക്തിബോധമോ ഉണ്ടാവുകയില്ല. ഏതെങ്കിലുമൊരു ദൈവത്തിൽ വിശ്വസിക്കുക എന്നതിനോളം എളുപ്പമായ വേറൊരു കർമ്മവുമില്ല. ഏതു് നിരക്ഷരകുക്ഷിക്കും ദൈവത്തിൽ വിശ്വസിക്കാം. വെറുതെ വിശ്വസിക്കുക എന്നതിൽ കവിഞ്ഞ ഒരു നിബന്ധനയും വിശ്വാസത്തിനില്ല. പാതാളത്തിലേക്കു് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി വർഷത്തിലൊരിക്കൽ മലയാളക്കര സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നു് ആർക്കും എപ്പോഴും വിശ്വസിക്കാം. ചില പ്രത്യേക ദിവസങ്ങളിൽ ചില കല്ലുകളോ ലോഹങ്ങളോ വാങ്ങി കഴുത്തിൽ തൂക്കുകയോ, മൂക്കിലോ ചെവിയിലോ തിരുകുകയോ ചെയ്താൽ ഒറിജിനൽ ദൈവത്തിന്റെ നിശ്ചയമായ വിധിയെപ്പോലും തനിക്കനുകൂലമാക്കി മാറ്റാമെന്നു് വിശ്വസിക്കാം. ആഭരണം ധരിച്ചാൽ പമ്പ കടക്കുന്ന ദൈവവിധി! ദൈവത്തെ 'തട്ടാൻ' ആഭരണം പണിയുന്ന തട്ടാൻ! അത്രേയുള്ളു, അത്രമാത്രമേയുള്ളു ദൈവവിശ്വാസമടക്കമുള്ള ഏതു് വിശ്വാസവും. "നീ വിശ്വസിച്ചാൽ മലയും മാറിപ്പോകും!" എന്നു് ബൈബിൾ. ഒറ്റയ്ക്കോ കൂട്ടമായോ ആരൊക്കെ എത്രയൊക്കെ വിശ്വസിച്ചാലും ഒരു മലയും മാറിപ്പോവുകയില്ല എന്നതു് സത്യം. വിശ്വസിച്ചിട്ടും എന്തുകൊണ്ടു് മല വെറുതെ ഒന്നു് അനങ്ങുക പോലും ചെയ്യുന്നില്ല എന്ന ചോദ്യത്തിനു് നിന്റെ വിശ്വാസം വേണ്ടത്ര ശക്തമായിരുന്നില്ല എന്ന ആർക്കും നിഷേധിക്കാനാവാത്ത മറുപടിയും നൽകാം. 


പ്രപഞ്ചത്തേയും മനുഷ്യജീവിതത്തേയും സംബന്ധിച്ച ഏതു് പ്രശ്നവും, ഏതു് ചോദ്യവും 'ദൈവം' എന്ന ഇഡിയറ്റ്‌ പ്രൂഫ്‌ ആയ ഒരൊറ്റ മറുപടിയിൽ തീർക്കാം. അതേ രീതിയിലുള്ള ഒറ്റവാക്കുത്തരമാണു് ദൈവ-മതസംബന്ധമായ ചർച്ചകളിൽ ഏതൊരു വിശ്വാസിയും അവന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയായി നിരീശ്വരവാദികളിൽ നിന്നും യുക്തിവാദികളിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നുമൊക്കെ പ്രതീക്ഷിക്കുന്നതു്. പക്ഷേ, പ്രകൃതിശാസ്ത്രത്തിൽ അത്തരം മറുപടികൾ ഇല്ല. ദൈവം എന്ന റെഡിമെയ്ഡ്‌ മറുപടിയിൽ എല്ലാ മനുഷ്യരും എല്ലാക്കാലവും തൃപ്തരായിരുന്നെങ്കിൽ സത്യം തേടിയുള്ള അന്വേഷണമോ ശാസ്ത്രമോ ഉണ്ടാവുമായിരുന്നില്ല. ഒരു സുപ്രഭാതത്തിൽ ഒരു കുരങ്ങൻ ഉറക്കമുണർന്നപ്പോൾ താനും കുടുംബവും മനുഷ്യരായി മാറിയിരിക്കുന്നതായി കണ്ടു എന്ന രീതിയിൽ എവൊല്യൂഷനെ മനസ്സിലാക്കുന്നവരുമായി ഒരു ചർച്ചക്കു് ആ ഫാക്കൾട്ടിയുമായി എന്തെങ്കിലും ബന്ധമുള്ള ആരും തയ്യാറാവുകയില്ല. അത്തരം അത്ഭുതപരിണാമങ്ങൾ വേദഗ്രന്ഥങ്ങളിലേ കാണൂ. അതുപോലെതന്നെ, ബിഗ്‌-ബാംഗ്‌ എന്നാൽ ഭൂമിയിലെ ഒരു വലിയ ബോംബ്‌ സ്ഫോടനം പോലെ ഒച്ചയും പ്രകാശവും പുകയുമൊക്കെയുള്ള ഒരു പൊട്ടിത്തെറി ആയിരുന്നെന്നു് ധരിച്ചുവച്ചിരിക്കുന്നവരുമായി പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി ഇന്നു് ശാസ്ത്രലോകം അംഗീകരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും മാത്രം ഭ്രാന്തു് ഈ വിഷയം കൈകാര്യം ചെയ്യുന്ന ഏതെങ്കിലുമൊരു ഭൗതികശാസ്ത്രജ്ഞനു് ഉണ്ടാവുമോ എന്നു് സംശയമാണു്. 



ഒരു വിശ്വാസിയെ സംബന്ധിച്ചു് ശാസ്ത്രം എന്നു് കേൾക്കുന്നതു് പിശാചു് കുരിശു് കാണുന്നതുപോലെയാണു്. പക്ഷേ, രസകരമായ ഒരു കാര്യം, അറിയപ്പെടുന്ന ഏതെങ്കിലുമൊരു ശാസ്ത്രജ്ഞൻ ദൈവം എന്ന വാക്കുചേർത്തു് ഒരു വാക്യം ഉച്ചരിക്കുകയോ, അതു് എങ്ങനെയെങ്കിലും ദൈവവിശ്വാസത്തിനു് അനുകൂലമായി വ്യാഖ്യാനിക്കാൻ പറ്റിയതാണെന്നു് വിശ്വാസികൾക്കു് തോന്നുകയോ ചെയ്താൽ, പിന്നെ ഏതു് ചർച്ചയിലും ആ വാക്യം ദൈവാസ്തിത്വത്തിനു് തെളിവായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നതാണു്. അക്കാര്യത്തിൽ വിശ്വാസിക്കു് ശാസ്ത്രത്തോടു് അയിത്തമൊന്നുമില്ല. ഇതുപോലുള്ള ചെറി പിക്കിംഗിനു് ഏറെ സാദ്ധ്യതകൾ തുറന്നിട്ട ഒരു ശാസ്ത്രജ്ഞനാണു് ആൽബെർട്ട്‌ ഐൻസ്റ്റൈൻ. കൂട്ടത്തിൽ പറയട്ടെ, 'ഹാലേലുയ്യ' 'അല്ലാഹു അക്ബർ' മുതലായവ പോലെ, ഏതു് മണുമണപ്പൊട്ടനും എളുപ്പം കാണാതെ പഠിക്കാനും ആവർത്തിക്കാനും പറ്റിയ ഒരു സമവാക്യം (E=mc²) ഐൻസ്റ്റൈനെ ശാസ്ത്രലോകത്തിനു് വെളിയിലും പ്രശസ്തനാക്കിയതിൽ അപ്രധാനമല്ലാത്ത ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഹൈസെൻബെർഗ്ഗ്‌, ഡിറാക്‌, ഷ്ര്യോഡിങ്ങർ മുതലായവർ പറഞ്ഞ കാര്യങ്ങൾ 'സ്തോത്രം' 'E=mc²' മുതലായവ പോലെ ദിവസത്തിൽ അഞ്ചുവട്ടം ആവർത്തിച്ചു് തലയിൽ കുടിയിരുത്താവുന്നവയല്ല എന്നതിനാൽ, അവ പൊതുവേ വിദഗ്ദ്ധരുടെ വൃത്തത്തിൽ മാത്രമായി ഒതുങ്ങുന്നു. ഐൻസ്റ്റൈനേപ്പോലുള്ളവരുടെ വാക്യങ്ങൾ ഉദ്ധരിക്കുന്നതുവഴി വിശ്വാസികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതു് ഇത്ര ഉന്നതനായ ഒരു ശാസ്ത്രജ്ഞൻ പോലും ദൈവവിശ്വാസി ആയിരുന്നു എന്നും അതുകൊണ്ടു് ദൈവവിശ്വാസം എന്നതു് ശാസ്ത്രം പോലെതന്നെ ലോജിക്കൽ ആണെന്നുമാണു്. അതുവരെയെത്തി കാര്യങ്ങൾ! വിശ്വാസിയുടെ ദൈവവിശ്വാസം അറ്റെസ്റ്റ്‌ ചെയ്യാൻ ഏറ്റവും യോഗ്യനായവൻ പാതിരിയും പാമ്പാട്ടിയുമൊന്നുമല്ല, മനുഷ്യന്റെ യുക്തിബോധത്തിൽ ആശ്രയിക്കുന്ന ശാസ്ത്രജ്ഞനാണു്!